കുരിശിനെ ഒരു സാധാരണ വസ്തുവായി കണ്ടുകൊണ്ടുള്ള ഫോട്ടോഷൂട്ടുകള്‍ ക്രൈസ്തവരെ വേദനിപ്പിക്കും'; കെസിബിസി ജാഗ്രത കമ്മീഷന്‍
കൊച്ചി: കുരിശിനെ ഒരു സാധാരണ വസ്തുവായി കണ്ടുകൊണ്ടുള്ള ഫോട്ടോഷൂട്ടുകള്‍ ക്രൈസ്തവരെ വേദനിപ്പിക്കുമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. കുരിശിനെ അനാദരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളോ സോഷ്യല്‍ മീഡിയ ദൃശ്യങ്ങളോ കണ്ടാല്‍ സ്വാഭാവികമായും പ്രതിഷേധങ്ങള്‍ ഉയരുമെങ്കിലും ആ പ്രതിഷേധം മറ്റൊരു മതവിഭാഗത്തിനെതിരായ വിദ്വേഷമായി മാറരുതെന്ന് ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ആന്റണി എല്‍. വ്യക്തമാക്കി.
മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്കും ബിംബങ്ങള്‍ക്കും ഓരോ മത സമൂഹത്തിന്റെയും വിശ്വാസ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. വിശ്വാസികള്‍ക്ക് അവ വെറും രൂപങ്ങളോ വസ്തുക്കളോ അലങ്കാരങ്ങളോ അല്ല; അവരുടെ വിശ്വാസത്തിന്റെയും ആത്മീയ അനുഭവങ്ങളുടെയും പ്രതീകങ്ങളാണ്. ക്രൈസ്തവര്‍ക്ക് കുരിശ് അത്തരമൊരു വിശുദ്ധ ചിഹ്നമാണ്. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും മരണത്തെയും അതിലൂടെ ലഭിച്ച രക്ഷയെയും ഓര്‍മിപ്പിക്കുന്ന കുരിശ് ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രങ്ങളിലൊന്നാണ്.
അതുകൊണ്ടുതന്നെ കുരിശിനെ ഒരു സാധാരണ വസ്തുവായി മാത്രം കണ്ടുകൊണ്ടുള്ള പ്രവൃത്തികള്‍ ക്രൈസ്തവരെ വേദനിപ്പിക്കും. കുരിശിനെ അനാദരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളോ സോഷ്യല്‍ മീഡിയ ദൃശ്യങ്ങളോ കണ്ടാല്‍ സ്വാഭാവികമായും പ്രതിഷേധങ്ങള്‍ ഉയരാം.
ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പറയണം. ആവശ്യമെങ്കില്‍ പ്രതിഷേധിക്കണം. എന്നാല്‍ ആ പ്രതിഷേധം മറ്റൊരു മതവിഭാഗത്തിനെതിരായ വിദ്വേഷമായി മാറരുത്. അതുപോലെ, മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും എല്ലാവരും ഏറ്റെടുക്കണം.
കഴിഞ്ഞ നാളുകളില്‍ പലപ്പോഴായി ചില വിജനമായ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വലിയ കുരിശുകള്‍ക്ക് മുകളില്‍ കയറിനിന്നും മറ്റുമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വിവാദങ്ങള്‍ക്കും കേസുകള്‍ക്കും വഴിയൊരുക്കിയിരുന്നു. അതിനുമപ്പുറം, ഇത്തരം വിവാദങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിള്ളലുകളും ചില തല്‍പരകക്ഷികളുടെ മുതലെടുപ്പുകളും നാം കാണാതെ പോകരുത്.
മറ്റൊരാളുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുക എന്നത് ഒരു പരിഷ്‌കൃത സമൂഹം പുലര്‍ത്തേണ്ട അടിസ്ഥാന ധാര്‍മ്മികതയാണ്. ഈ ഒരു തലത്തിലെങ്കിലും യുവതലമുറ ഇക്കാര്യത്തെ ഗൗരവമായി കാണുകയും പക്വമായി പെരുമാറുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.