ലിയോ പാപ്പായും കാനഡയുടെ പ്രധാനമന്ത്രിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി
ലിയോ പാപ്പായും കാനഡയുടെ പ്രധാനമന്ത്രിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി
വത്തിക്കാന്‍സിറ്റി: പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായും കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടന്നതായി വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചു.
മെയ് 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന ഈ സംഭാഷണത്തില്‍ നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെടുത്തി പാപ്പാ അടുത്തിടെ പുറത്തിറക്കിയ ആദ്യ ചാക്രികലേഖനം 'മാഞ്ഞിഫിക്ക ഉമാനിത്താസ്' പത്യേകമായി പരാമര്‍ശിക്കപ്പെട്ടുവെന്ന് ഇതുസംബന്ധിച്ച് പുറത്തുവിട്ട ഒരു പത്രക്കുറിപ്പില്‍ വത്തിക്കാന്‍ പ്രെസ് ഓഫീസ് എഴുതി.
നിര്‍മ്മിതബുദ്ധിയുടെ വളര്‍ച്ചയും അതിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗവും സംബന്ധിച്ച് സംസാരിക്കവെ അതിന് പിന്നില്‍ ഉണ്ടാകേണ്ട ധാര്‍മ്മികതയുടെ പ്രാധാന്യം പ്രത്യേകം അനുസ്മരിക്കപ്പെട്ടു.
മനുഷ്യകേന്ദ്രീകൃതമായി വേണം നിര്‍മ്മിതബുദ്ധിയെ സമീപിക്കേണ്ടതെന്ന കാര്യവും എടുത്തുപറയപ്പെട്ടു.
ഏതാനും മിനിറ്റുകള്‍ നീണ്ട സംഭാഷണത്തില്‍ പൊതുതാല്പര്യമുള്ളതും പ്രാദേശിക ആഗോളതലങ്ങളില്‍ പ്രധാനപ്പെട്ടതുമായ മറ്റു വിഷയങ്ങളും പരാമര്‍ശിക്കപ്പെട്ടുവെന്ന് അറിയിച്ച പ്രെസ് ഓഫീസ് ജനതകള്‍ക്കിടയില്‍ നിലനില്‍ക്കേണ്ട സമാധാനത്തിനായുള്ള പരിശ്രമങ്ങളുടെ പ്രാധാന്യം പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശങ്ങളിലും ഉക്രൈനിലും സമാധാനം വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതൃത്വങ്ങളുടെയും സംഭാഷണത്തില്‍ ഇടം പിടിച്ചുവെന്ന് അറിയിച്ചു.
ലിയോ പതിനാലാമന്‍ പാപ്പാ പത്രോസിന്റെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 2025 മെയ് 18-ന് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പിച്ച അവസരത്തിലും കാനഡയുടെ പ്രധാനമന്ത്രി വത്തിക്കാനില്‍ എത്തിയിരുന്നു.
2025 മാര്‍ച്ചിലാണ് കാനഡയുടെ പ്രധാനമന്ത്രിപദത്തിലേക്ക് കാര്‍നി തിരഞ്ഞെടുക്കപ്പെട്ടത്.