വിവാഹേതര ബന്ധം തെളിയിക്കാൻ ഫോൺ, ഹോട്ടൽ രേഖകൾ തേടാം'; സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: വിവാഹേതര ബന്ധങ്ങൾ തെളിയിക്കുന്നതിനായി ഹോട്ടൽ ബുക്കിങ് വിവരങ്ങളും ഫോൺ കോൾ റെക്കോർഡുകളും ഹാജരാക്കാൻ കോടതി നിർദേശിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമല്ലെന്ന് സുപ്രിംകോടതി.
ഇതുസംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ പഴയ വിധി സുപ്രിംകോടതി ശരിവെച്ചു.
ജസ്റ്റിസുമാരായ മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജൂലൈ രണ്ടിന് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ജയ്പൂരിലെ ഹോട്ടലിൽ താമസിച്ചുവെന്നും ഇത് തെളിയിക്കാൻ ഹോട്ടൽ രേഖകളും ഭർത്താവിന്റെ രണ്ട് മൊബൈൽ നമ്പറുകളിലെ കോൾ വിവരങ്ങളും വിളിച്ചുവരുത്തണമെന്നുമുള്ള ഭാര്യയുടെ ഹരജി കുടുംബകോടതി അനുവദിച്ചിരുന്നു.
ഇതിനെതിരെ ഭർത്താവ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് 2023 മേയ് 10-ന് ഡൽഹി ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഈ വിധിയാണ് ഇപ്പോൾ സുപ്രിംകോടതിയും ശരിവെച്ചിരിക്കുന്നത്.
സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമാണെങ്കിലും അത് പരമമല്ലെന്നും, പൊതുതാത്പര്യം മുൻനിർത്തി അതിൽ യുക്തിസഹമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും ജസ്റ്റിസ് രേഖാ പള്ളി അധ്യക്ഷയായ ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹേതര ബന്ധങ്ങൾ വിവാഹമോചനത്തിനുള്ള വ്യക്തമായ ഒരു കാരണമാണ്. അതുകൊണ്ടുതന്നെ, വിവാഹബന്ധം നിലനിൽക്കെ പരസ്ത്രീ ബന്ധത്തിലേർപ്പെടുന്ന ഒരാളെ സഹായിക്കാൻ, സ്വകാര്യതയ്ക്കുള്ള അവകാശം മുൻനിർത്തി കോടതിക്ക് ഇടപെടാനാകില്ലെന്നും അത് പൊതുതാത്പര്യത്തിന് നിരക്കുന്നതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.