ഫിലിപ്പീൻസിന്റെ ‘ഹീലിംഗ് നൺ’ സിസ്റ്റർ ഇവാ മാമോ അന്തരിച്ചു
ഫിലിപ്പീൻസിലെ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആശ്രയമായിരുന്ന പ്രശസ്ത കത്തോലിക്കാ കന്യാസ്ത്രീയും സർജനുമായ സി. ഇവാ ഫിഡേല മാമോ (85) ഏപ്രിൽ 14 ന് അന്തരിച്ചു. പതിറ്റാണ്ടുകളോളം ദരിദ്രർക്ക് സൗജന്യ വൈദ്യസഹായം നൽകിയതിലൂടെ “ഹീലിംഗ് നൺ” (സുഖപ്പെടുത്തുന്ന സന്യാസിനി) എന്ന പേരിൽ അവർ ലോകമെമ്പാടും അറിയപ്പെട്ടിരുന്നു. 1997-ൽ ഏഷ്യയിലെ നോബൽ എന്നറിയപ്പെടുന്ന റാമോൺ മഗ്‌സസെ അവാർഡ് നൽകി രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്.
1940-ൽ ജനിച്ച സിസ്റ്റർ ഇവാ, മെഡിക്കൽ പഠനത്തിന് ശേഷം 1974-ലാണ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോൾ ഓഫ് ചാർട്രസ് സഭയിൽ ചേരുന്നത്. ആധുനിക സൗകര്യങ്ങളില്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ ടോർച്ച് വെളിച്ചത്തിൽ പോലും അവർ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ആശുപത്രികളിൽ എത്താൻ സാധിക്കാത്ത തദ്ദേശീയ ജനതയ്ക്കായി മുളമേശകൾ ശസ്ത്രക്രിയാ ടേബിളുകളാക്കി മാറ്റിയ അവരുടെ സമർപ്പണം വൈദ്യശാസ്ത്ര ലോകത്തിന് എന്നും വിസ്മയമാണ്.
ആരോഗ്യം എല്ലാവരുടെയും അവകാശമാണെന്ന് വിശ്വസിച്ചിരുന്ന സിസ്റ്റർ, വിദൂര ഗ്രാമങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകാനായി സാധാരണക്കാർക്ക് മെഡിക്കൽ പരിശീലനം നൽകി. ‘നഗ്നപാദ ഡോക്ടർമാർ’ (Barefoot Doctors) എന്നറിയപ്പെട്ട ഈ സംഘം ഫിലിപ്പീൻസിലെ 110-ഓളം തദ്ദേശീയ സമൂഹങ്ങളിൽ ഇന്നും സേവനം തുടരുന്നു. സി.പി.ആർ, മൈനർ സർജറി തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നേടിയ ഇവർ ഗ്രാമങ്ങളിലെ ആരോഗ്യ പരിപാലനത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
ദരിദ്രർക്കായി 1992-ൽ ‘ഔർ ലേഡി ഓഫ് പീസ്’ എന്ന പേരിൽ ഒരു ആശുപത്രിയും മിഷൻ ഫൗണ്ടേഷനും അവർ സ്ഥാപിച്ചു. കേവലം രോഗങ്ങളെ ചികിത്സിക്കുന്നതിലുപരി, രോഗികളുടെ അന്തസ്സും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനാണ് അവർ ശ്രമിച്ചത്. മൗണ്ട് പിനാറ്റുബോ അഗ്നിപർവത സ്ഫോടനത്തിൽ ഇരയായ നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും അവർ മുൻകൈ എടുത്തു. വൈദ്യശാസ്ത്രം എന്നത് ശാസ്ത്രം മാത്രമല്ല, അത് സ്നേഹത്തിന്റെ പ്രവൃത്തി കൂടിയാണെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചാണ് സിസ്റ്റർ ഇവാ മാമോ മടങ്ങുന്നത്.