പ്രകൃതിദുരന്ത ബാധിതര്‍ക്ക് താമസത്തിനായി പള്ളികള്‍ തുറന്നു കൊടുത്ത് ഫിലിപ്പൈന്‍ സഭ

വത്തിക്കാന്‍:കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഏറെ ദുരിതം വിതയ്ക്കുന്ന നാടായ ഫിലിപ്പൈന്‍സില്‍പ ുതിയ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബുവലോയ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ആളുകളെയാണ് കുടിയൊഴിപ്പിക്കേണ്ടതായി വന്നത്.
പുതിയ കൊടുങ്കാറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ഈ സാഹചര്യങ്ങളില്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യുന്നവര്‍ക്കു ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ എല്ലാ ദേവാലയങ്ങളും ആളുകളുടെ സൗകര്യങ്ങള്‍ക്കായി തുറന്നുകൊടുക്കുവാന്‍ സഭാനേതൃത്വം തീരുമാനമെടുത്തു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഫീദെസ് വാര്‍ത്താ ഏജന്‍സിയാണ് പ്രസിദ്ധീകരിച്ചത്.
ബിക്കോള്‍ മേഖലയിലെ വിവിധ തുറമുഖങ്ങളില്‍ ഏകദേശം 1,500 പേര്‍ നിലവില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഫിലിപ്പൈന്‍ തീരസംരക്ഷണ സേന റിപ്പോര്‍ട്ട് ചെയ്തു.
ബുവലോയ് കൊടുങ്കാറ്റിന്റെ പാതയിലുള്ള പ്രദേശങ്ങളില്‍ ഭക്ഷണം, മരുന്ന്, മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ മുഴുവന്‍ ജനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അടിസ്ഥാന ആവശ്യങ്ങള്‍ പര്യാപ്തമാകുമോ എന്നത് സംശയകരമാണെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു.
രാജ്യവ്യാപകമായി വിവാദങ്ങള്‍ ഉയരുകയും, കാലാവസ്ഥാ ദുരന്തങ്ങളുടെ ആഘാതം തടയാന്‍ ഉദ്ദേശിച്ചുള്ള 'നടപ്പിലാകാത്ത പദ്ധതികളെ' കുറിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, കത്തോലിക്കാ സഭ, ദുര്‍ബലരായവരുടെ സേവനത്തിനായി സഹായങ്ങള്‍ നല്‍കുന്നത്.
'ഈ കൊടുങ്കാറ്റിനെ നേരിടുമ്പോള്‍ നമുക്ക് പരസ്പരം പ്രാര്‍ത്ഥിക്കാം,' എന്ന് ലെഗാസ്പി രൂപതയിലെ മെത്രാന്‍ ജോയല്‍ ബെയ്ലോണ്‍ വിശ്വാസികളോട് പറഞ്ഞു.