പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് നയാര, നേരത്തെയുണ്ടായിരുന്ന വിലവര്‍ധനവ് ജൂലൈയില്‍ പിന്‍വലിച്ചിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധനവിതരണ റീടെയില്‍ ശൃംഖലയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു.
നേരത്തെ, പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുകയും ഇന്ധനവിതരണം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോള്‍ മാര്‍ച്ചില്‍ നയാര പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതിസന്ധി ഒഴിവായതോടെ ജൂലൈയില്‍ ഈ വിലവര്‍ധനവ് ഒഴിവാക്കി. ഇതാണ് ഇപ്പോള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ നീങ്ങുന്ന സാഹചര്യത്തിലാണ് വര്‍ധനവ്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രാജ്യത്തെ നയാരയുടെ 7108 ഇന്ധന പമ്പുകളില്‍ പുതുക്കിയ വില നിലവില്‍ വന്നു.
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍, റിഫൈന്‍ഡ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്നുള്ള ചെലവ് സമ്മര്‍ദമാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് സൂചന. അതേസമയം, രാജ്യത്തെ 90 ശതമാനത്തിലധികം ഇന്ധന പമ്പുകളും നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ സമാനമായ മാറ്റം വരുത്തിയിട്ടില്ല. ജിയോ-ബിപിയും നിലവില്‍ വില വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, ജിയോ-ബിപി ഡീസല്‍ വില്‍പ്പനയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം പരമാവധി 50 ലിറ്റര്‍ ഡീസല്‍ മാത്രമാണ് നല്‍കുന്നത്.