പീറ്റേഴ്‌സ് പെൻസ് 2025: മാർപാപ്പയുടെ കാരുണ്യ ദൗത്യങ്ങൾക്കായി ലഭിച്ചത് 54.5 ദശലക്ഷം യൂറോ

 
leo papa

ആഗോള കത്തോലിക്കാ സഭയ്ക്കായുള്ള മാർപാപ്പയുടെ ശുശ്രൂഷകൾക്കും, 74 രാജ്യങ്ങളിലെ ജനങ്ങൾക്ക് നേരിട്ടുള്ള സഹായ പ്രോജക്ടുകൾക്കുമായി വിശ്വാസികൾ നൽകിയ സംഭാവനകൾ (പീറ്റേഴ്‌സ് പെൻസ്) വിനിയോഗിച്ചതായി 2025-ലെ വാർഷിക ധനകാര്യ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം, 2025-ൽ പീറ്റേഴ്‌സ് പെൻസ് ഫണ്ടിലേക്ക് വരുമാനമായി 57.6 ദശലക്ഷം യൂറോ ലഭിച്ചപ്പോൾ, ചെലവുകൾ 59.8 ദശലക്ഷം യൂറോയായി ഉയർന്നു.

ഏറ്റവും നിർധനരായ ജനങ്ങളെ സഹായിക്കുന്നതിനും ആഗോള സഭയിലെ മാർപാപ്പയുടെ ദൗത്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. വരുമാനത്തേക്കാൾ 2.2 ദശലക്ഷം യൂറോയുടെ അധിക ചിലവുണ്ടായെങ്കിലും, വിദേശ നാണയ വിനിമയ നിരക്കുകളിലെ വ്യതിയാനങ്ങളാണ് ഈ കുറവിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആകെ ലഭിച്ച സംഭാവന തുകയായ 54.5 ദശലക്ഷം യൂറോ പ്രധാനമായും മൂന്ന് മാർഗങ്ങളിലൂടെയാണ് ലഭിച്ചത്. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ രൂപതകളിൽ നിന്ന് ശേഖരിച്ച തുക, വ്യക്തിപരമായ നേരിട്ടുള്ള സംഭാവനകൾ, വിൽപ്പത്രങ്ങൾ വഴിയുള്ള ധനസഹായം എന്നിവയാണവ. ഇതിൽ ഭൂരിഭാഗവും രൂപതകളിൽ നിന്നാണ് ലഭിച്ചത് – 34.7 ദശലക്ഷം യൂറോ (ആകെ തുകയുടെ 63.6%). കൂടാതെ സ്വകാര്യ വ്യക്തികൾ 5.4 ദശലക്ഷം യൂറോയും, വിവിധ ഫൗണ്ടേഷനുകൾ 13 ദശലക്ഷം യൂറോയും, സന്ന്യാസ സമൂഹങ്ങൾ 1.4 ദശലക്ഷം യൂറോയും സംഭാവനയായി നൽകി.

രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, രൂപതകളിൽ നിന്നും വ്യക്തികളിൽ നിന്നും ഏറ്റവും കൂടുതൽ തുക ലഭിച്ചത് അമേരിക്കയിൽ നിന്നാണ് (14.2 ദശലക്ഷം യൂറോ). തൊട്ടുപിന്നിൽ ഇറ്റലിയും (3.1 ദശലക്ഷം യൂറോ) ബ്രസീലും (2.1 ദശലക്ഷം യൂറോ) ഉണ്ട്. 2025-ൽ പീറ്റേഴ്‌സ് പെൻസ് ഫണ്ടിൽ നിന്നും ആകെ 54.5 ദശലക്ഷം യൂറോയാണ് വിവിധ ആവശ്യങ്ങൾക്കായി വിതരണം ചെയ്തത്.

ഇതിൽ 41.2 ദശലക്ഷം യൂറോ വത്തിക്കാന്റെ ഔദ്യോഗിക ദൗത്യങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു. ബാക്കി 13.3 ദശലക്ഷം യൂറോ പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് നേരിട്ട് സഹായമെത്തിക്കുന്ന പ്രോജക്ടുകൾക്കായി ഉപയോഗിച്ചു. മാർപാപ്പയുടെ ആഗോള ദൗത്യങ്ങൾക്കായി വത്തിക്കാന് 2025-ൽ ആകെ ചിലവായത് 404.5 ദശലക്ഷം യൂറോയാണ്. ഇതിന്റെ ഏകദേശം 10% തുക പീറ്റേഴ്‌സ് പെൻസ് ഫണ്ടിൽ നിന്നാണ് കണ്ടെത്താനായത്. പ്രതിസന്ധിയിലായ പ്രാദേശിക സഭകളെ സഹായിക്കുക, സുവിശേഷവത്ക്കരണം, വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ചരിത്ര പൈതൃകങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സ്ഥാപനങ്ങൾ, ജീവന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായുള്ള സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലോകമെമ്പാടുമുള്ള 74 രാജ്യങ്ങളിലായി നേരിട്ടുള്ള 252 സഹായ പ്രൊജക്ടുകൾക്കാണ് ഈ തുക (13.3 ദശലക്ഷം യൂറോ) വിനിയോഗിച്ചത്. ദൈവാലയങ്ങൾ, കോൺവെന്റുകൾ, പാസ്റ്ററൽ സെന്ററുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും, യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കുള്ള സഹായത്തിനും, മിഷൻ രാജ്യങ്ങളിലെ പ്രാദേശിക സമൂഹങ്ങളുടെ വികസനത്തിനുമായി ഈ തുക ഉപയോഗിച്ചു.

ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് ആഫ്രിക്കയ്ക്കാണ് (73 പ്രോജക്ടുകൾക്കായി 5.2 ദശലക്ഷം യൂറോ). ഏഷ്യയ്ക്ക് മൂന്ന് ദശലക്ഷം യൂറോയും, യൂറോപ്പിന് 2.6 ദശലക്ഷം യൂറോയും, അമേരിക്കൻ ഭൂഖണ്ഡങ്ങൾക്ക് 2.4 ദശലക്ഷം യൂറോയും, ഓഷ്യാനിയയ്ക്ക് ഒരു ലക്ഷം യൂറോയും ലഭിച്ചു.

യൂറോപ്പിൽ ലഭിച്ച തുകയിൽ വലിയൊരു പങ്ക് ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർക്കും സെമിനാരി വിദ്യാർഥികൾക്കും സന്ന്യാസിനികൾക്കും വത്തിക്കാൻ സർവകലാശാലകളിൽ പഠിക്കാനുള്ള സ്കോളർഷിപ്പുകൾക്കായും, ഉക്രെയ്‌നിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായങ്ങൾക്കായും മാറ്റിവച്ചു.

Tags

Share this story

From Around the Web