കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ പെറ്റ് ഷോ; റിപ്പോര്‍ട്ട് തേടി വനംവകുപ്പ്
കൊച്ചി: എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ ഓമന മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയില്‍ റിപ്പോര്‍ട്ട് തേടി വനംവകുപ്പ്.
സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപ്പോര്‍ട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം.
ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്‌കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായേക്കും.
കഴിഞ്ഞ ദിവസമാണ് കലൂര്‍ ഗ്രീറ്റസ് പബ്ലിക് സ്‌കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ചത്. വളര്‍ത്തു മൃഗങ്ങളെ അടുത്തറിയാനുള്ള ഒരുഅവസരമായാണ് പെറ്റ് ഷോ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ആനയുള്‍പ്പടെയുള്ള മൃഗങ്ങളെ സ്‌കൂളില്‍ എത്തിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലടക്കം ആനയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ആനയ്ക്ക് പുറമേ കുതിര, എലി വര്‍ഗത്തില്‍പ്പെട്ട ഹാംസ്റ്റര്‍, ആമ, ഇഗ്വാന, പൂച്ചകള്‍, നായ്ക്കള്‍, വര്‍ണ്ണമത്സ്യങ്ങള്‍ എന്നിവയും പെറ്റ് ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.