ലെയോ പാപ്പയ്ക്കായി നാളെ ഞായറാഴ്ച ദേശീയ പ്രാർത്ഥനാദിനം ആചരിക്കുവാന്‍ പെറു
ലിമ: ലെയോ പതിനാലാമൻ മാർപാപ്പയ്ക്കായി നാളെ ഏപ്രില്‍ 19 ഞായറാഴ്ച ദേശീയ പ്രാർത്ഥനാ ദിനം ആചരിക്കാൻ പെറുവിലെ മെത്രാന്‍ സമിതിയുടെ ആഹ്വാനം. പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (സിഇപി) പ്രസിഡന്റ് മോൺസിഞ്ഞോർ കാർലോസ് ഗാർസിയ കാമഡറാണ് രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം നടത്തിയിരിക്കുന്നത്. പില്‍ക്കാലത്ത് വടക്കൻ പെറുവിലെ ചിക്ലായോ ബിഷപ്പായും കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് റോബര്‍ട്ട് പ്രിവോസ്റ്റ് എന്ന ലെയോ പാപ്പ.
പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിൻ്റെ (സിഐപിഐ) പ്രസിഡൻ്റ് മോൺസിഞ്ഞോർ കാർലോസ് ഗാർസിയ പരിശുദ്ധ പിതാവിനുവേണ്ടി പ്രാർത്ഥനാ ദിനത്തിൽ പങ്കുചേരാൻ രാജ്യത്തെ എല്ലാ മെത്രാന്മാര്‍ക്കും കത്തയച്ചിരിന്നു. കഴിഞ്ഞ ജനുവരിയിൽ, അഡ് ലിമിന സന്ദർശനത്തിനായി റോമിലെത്തിയ ലെയോ മാർപാപ്പ പെറുവിയൻ ബിഷപ്പുമാരെ സന്ദർശിച്ചിരിന്നു. നാളത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും ആരാധനക്രമ ശുശ്രൂഷകളിലും ദിവ്യകാരുണ്യ ആരാധനകളിലും ലെയോ പാപ്പയ്ക്കു വേണ്ടി വിവിധ പ്രാർത്ഥനകൾ ഉയര്‍ത്തുവാന്‍ മെത്രാന്‍ സമിതി ആഹ്വാനം നല്‍കി.
രാജ്യത്തെ സമൂഹം മാര്‍പാപ്പയുമായുള്ള കൂട്ടായ്മയുടെ ദൃശ്യമായ അടയാളമായിട്ടാണ് ദേശീയ പ്രാർത്ഥനാ ദിനത്തെ കാണേണ്ടതെന്നും സമിതി വ്യക്തമാക്കി. ഇറാൻ- ഇസ്രായേല്‍- അമേരിക്ക വിഷയത്തിൽ സമാധാനത്തിന് വേണ്ടി ലെയോ പാപ്പ നടത്തിയ നിലപാടും അതിനെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്‍റ് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. പത്രോസിന്റെ പിൻഗാമിയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹത്തോട് ക്ഷമാപണം നടത്തില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിന്നു. ട്രംപിന്റെ അപക്വമായ പ്രസ്താവനയ്ക്കെതിരെ ആഗോള തലത്തില്‍ ഇപ്പോഴും പ്രതിഷേധം ഉയരുന്നുണ്ട്.