ലെയോ പാപ്പയോടുള്ള ആദരസൂചകമായി സർവകലാശാല ഐഡി കാർഡുകൾ പുറത്തിറക്കി പെറു

 
Leo papa

ലെയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വേറിട്ടൊരു ആദരവുമായി പെറു സർക്കാർ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സൂപ്രണ്ടൻസിയായ ‘സുനേദു’ (SUNEDU) 2026-ലെ സർവകലാശാലാ തിരിച്ചറിയൽ കാർഡുകളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത്.

പെറുവിലെ പൊതു-സ്വകാര്യ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ലഭിക്കുന്ന ഈ ഔദ്യോഗിക കാർഡിൽ മാർപാപ്പയുടെ അനിമേറ്റഡ് ചിത്രമാണ് ചേർത്തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെക്കാലം പെറുവിൽ മിഷനറിയായും ബിഷപ്പായും സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നിലയിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് രാജ്യവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. 1985-ൽ ഒരു അഗസ്റ്റീനിയൻ മിഷനറിയായി പെറുവിലെത്തിയ അദ്ദേഹം, പിന്നീട് ട്രൂജിലോയിലും ചിക്കലായോയിലുമായി ദീർഘകാലം പ്രവർത്തിച്ചു. 2015-ൽ പെറുവിയൻ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. റോബർട്ട് പ്രൊവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2025 മെയ് 8-നാണ് ലെയോ പതിനാലാമൻ എന്ന പേരിൽ കത്തോലിക്കാ സഭയുടെ പരമാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടത്.


വിദ്യാർഥികൾക്ക് പൊതുഗതാഗതത്തിൽ പകുതി നിരക്ക് ഇളവ് നൽകുന്നതിനും മറ്റ് സാംസ്കാരിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ഈ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. രാജ്യത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ പാപ്പ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടത്.

Tags

Share this story

From Around the Web