സന്യാസം വ്യക്തി സ്വതന്ത്ര്യം : മാതാപിതാക്കൾക്ക് തടയാൻ അവകാശമില്ലെന്നു ഹൈക്കോടതി
പ്രായപൂർത്തിയായ ഒരു സ്ത്രീ തന്റെ വിശ്വാസത്തിന്റെ ഭാഗമായി സന്യാസ സഭയിൽ ചേരാൻ തീരുമാനിച്ചാൽ, അതിൽ അതൃപ്തി പ്രകടിപ്പിക്കാനല്ലാതെ നിയമപരമായി തടയാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി. മഠത്തിൽ തങ്ങളുടെ മക്കളെ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് മൂന്ന് മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഏത് മതത്തിൽ വിശ്വസിക്കണം, ഏത് സഭയുടെ ഭാഗമാകണം എന്നത് ഒരാളുടെ സ്വകാര്യമായ തീരുമാനമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഈ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകും.
പ്രായപൂർത്തിയായ മകൾ ദൈവവിളി സ്വീകരിച്ച് സന്യാസം തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വിയോജിപ്പുണ്ടാകാം. എന്നാൽ
ഈ അതൃപ്തി കോടതി ഇടപെടലിനുള്ള കാരണമല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. മക്കളെ നിർബന്ധിച്ചാണ് മഠത്തിൽ താമസിപ്പിച്ചിരിക്കുന്നത് എന്ന മാതാപിതാക്കളുടെ വാദം കോടതി തള്ളി. പോലീസ് നടത്തിയ അന്വേഷണത്തിലും പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ കഴിയുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വ്യക്തമായ തെളിവുകളില്ലാതെ ഹേബിയസ് കോർപ്പസ് ഹർജികൾ നൽകുന്നത് ശരിയല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയായവർ സ്വന്തം ജീവിതത്തെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കാൻ കോടതികൾക്ക് ബാധ്യതയുണ്ട്. പെൺകുട്ടികൾ മഠത്തിൽ തുടരുന്നത് നിർബന്ധം മൂലമല്ലെന്നും സ്വതന്ത്രമായ തീരുമാനപ്രകാരമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു .' സഭയുമായുള്ള ആശയപരമായ വിയോജിപ്പുകൾ വ്യക്തികളുടെ സ്വതന്ത്രമായ തീരുമാനങ്ങളെ മറികടക്കാൻ ഉപയോഗിക്കരുതെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് കോടതി ഹർജി തള്ളി.