ആരോഗ്യപരിപാലനരംഗത്ത് വ്യക്തിപരമായ ആശയവിനിമയവും സമ്പര്‍ക്കവും പ്രധാനപ്പെട്ടവയാണെന്ന്: ലിയോ പതിനാലാമന്‍ പാപ്പാ

 
LEO PAPA 123

വചനം മാംസമായ ക്രിസ്തുവിന്റെ മാതൃകയില്‍, ഡോക്ടര്‍മാരും തങ്ങള്‍ക്കരികിലെത്തുന്ന രോഗികള്‍ക്ക് സൗഖ്യവും പ്രത്യാശയും ശാന്തിയും പകരാന്‍ ശ്രമിക്കണമെന്ന് ലിയോ പതിനാലാമന്‍ പാപ്പാ. 


തെക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലും നിന്നുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയായ 'കോണ്‍ഫെമെലിന്'  ഒക്ടോബര്‍ രണ്ടാം തീയതി രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ആരോഗ്യപരിപാലനരംഗത്ത് ഉണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്. 


തെക്കേ അമേരിക്ക, കരീബിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഇരുപത് ലക്ഷത്തിലധികം ഡോക്ടര്‍മാരെയാണ് കോണ്‍ഫെമെല്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് അനുസ്മരിച്ച പാപ്പാ, ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ഡോക്ടര്‍-രോഗീ ബന്ധത്തിലെ വ്യക്തിപരമായ അടുപ്പവും ആരോഗ്യപരിപാലനത്തിനായുള്ള ശ്രമങ്ങളും സംബന്ധിച്ച് സംസാരിക്കവെ ഒക്ടോബര്‍ രണ്ടിന് ആചരിക്കപ്പെടുന്ന കാവല്‍മാലാഖാമാരുടെ തിരുനാളിന്റെകൂടി പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ നിയോഗവുമായി ബന്ധപ്പെടുത്തി ജീവിതവഴികളില്‍ മാലാഖമാര്‍ നമ്മെ നയിക്കുന്നതിനെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചു.

കുഷ്ഠരോഗിയായ മനുഷ്യനെ ക്രിസ്തു തൊട്ട് സുഖപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് രോഗികളുടെ നന്മയ്ക്കും സൗഖ്യത്തിനും വേണ്ടി ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവിതം മാറ്റിവയ്ക്കുന്നതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വെനിസ്വേലയില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയോ എര്‍ണാന്ദെസ്  എന്ന ഡോക്ടറുടെ ജീവിതമാതൃക പാപ്പാ എടുത്തുകാട്ടി. 'പാവപ്പെട്ടവരുടെ ഡോക്ടര്‍' എന്ന പേരിന് അദ്ദേഹം അര്‍ഹനായത് തന്റെ ജീവിതസമര്‍പ്പണം കൊണ്ടാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഡോക്ടറും രോഗിയുമായുള്ളത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള അടുത്ത ബന്ധമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ചികിത്സാരംഗത്ത് നിര്‍മ്മിതബുദ്ധിയുടെ സഹായം ഉപകാരപ്രദമാണെങ്കിലും, ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറഞ്ഞിരുന്നതുപോലെ, 'സ്‌നേഹത്തിന്റെ കരുതല്‍ ശേഖരമായ' ഡോക്ടറുടെ സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍മ്മിതബുദ്ധിക്കാകില്ലെന്നും ഉദ്ബോധിപ്പിച്ചു.
 

Tags

Share this story

From Around the Web