നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കെതിരായ പീഡനങ്ങള്‍; നൂറിലധികം ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിസ വിലക്കേര്‍പ്പെടുത്തി യു. എസ്.
നിക്കരാഗ്വയിലെ മുറില്ലോ-ഒര്‍ട്ടേഗ ഏകാധിപത്യ ഭരണകൂടവുമായി ബന്ധമുള്ള നൂറിലധികം ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിസ വിലക്കേര്‍പ്പെടുത്തിയതായി യു. എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.
രാഷ്ട്രീയ തടവുകാരനായിരുന്ന ബ്രൂക്ലിന്‍ റിവേരയുടെ മരണത്തെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നിര്‍ണ്ണായക നടപടി. വര്‍ഷങ്ങളായി നിക്കരാഗ്വയില്‍ കത്തോലിക്കാ സഭയ്ക്കെതിരെ ആസൂത്രിതമായ പീഡനങ്ങള്‍ നടത്തുന്ന ഭരണകൂടത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് യു. എസിന്റെ ഈ പുതിയ നീക്കം.
''റോസാരിയോ മുറില്ലോയുടെയും ഡാനിയല്‍ ഒര്‍ട്ടേഗയുടെയും ഏകാധിപത്യ ഭരണകൂടത്തിന് ഒത്താശ ചെയ്യുന്ന നൂറിലധികം ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ ട്രംപ് ഭരണകൂടം വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു,'' ജൂണ്‍ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
ഇതോടെ, നിക്കരാഗ്വന്‍ ഭരണകൂടത്തിലെ 2,350-ലധികം ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെ യു. എസ്. വിസ വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
2007 മുതല്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭാര്യയും വൈസ് പ്രസിഡന്റുമായ റോസാരിയോ മുറില്ലോയും ചേര്‍ന്ന് നിക്കരാഗ്വയില്‍ കടുത്ത ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുക, നാടുകടത്തുക, അക്രമങ്ങള്‍ അഴിച്ചുവിടുക, പൗരാവകാശങ്ങള്‍ റദ്ദാക്കുക, തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുക, കത്തോലിക്കാ സഭയെ വേട്ടയാടുക എന്നിവയാണ് ഈ ഭരണകൂടത്തിന്റെ പ്രധാന ശൈലി.
തദ്ദേശീയ ജനവിഭാഗങ്ങളുടെ നേതാവും രാഷ്ട്രീയ തടവുകാരനുമായിരുന്ന 73-കാരന്‍ ബ്രൂക്ലിന്‍ റിവേരയുടെ ദാരുണമായ മരണത്തോടുള്ള പ്രതികരണമായാണ് യു.എസിന്റെ പുതിയ നടപടി. 970 ദിവസത്തിലധികം റിവേരയുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഭരണകൂടം തടവിലിട്ടിരിക്കുകയായിരുന്നു.
നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം കേത്താലിക്കാ സഭയ്ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് കാലങ്ങളായി തുടരുന്നത്.
ആരാധനാക്രമങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക, ബിഷപ്പുമാരെയും വൈദികരെയും നിര്‍ബന്ധിതമായി നാടുകടത്തുകയോ തടവിലാക്കുകയോ ചെയ്യുക, കത്തോലിക്കാ സ്ഥാപനങ്ങള്‍ ബലമായി പൂട്ടിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ നാടുകടത്തപ്പെട്ട ബിഷപ്പുമാരുള്ള രൂപതകളില്‍ പുതിയ വൈദികരെ വാഴിക്കുന്നതിനും ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മുറില്ലോ-ഒര്‍ട്ടേഗ ഭരണകൂടം 'മനുഷ്യരാശിയുടെ ശത്രു' ആണെന്നും അവരുടെ ക്രൂരതകളെയും കുറ്റകൃത്യങ്ങളെയും ട്രംപ് ഭരണകൂടം അവഗണിക്കില്ലെന്നും മാര്‍ക്കോ റൂബിയോ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടിച്ചേര്‍ത്തു.