പാക്കിസ്ഥാനില്‍ ക്രൈസ്തവ പീഡനം രൂക്ഷം: പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടണമെന്ന് കൊല്ലപ്പെട്ട മുന്‍ മന്ത്രിയുടെ സഹോദരന്
ലണ്ടന്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും പീഡനങ്ങളും തടയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നയതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പാക്കിസ്ഥാനിലെ ഏക ക്രൈസ്തവ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടിയുടെ സഹോദരന് പീറ്റര്‍ ഭട്ടി.
ആഗോള തലത്തില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്' (അഇച) തയ്യാറാക്കിയ ''പെര്‍സിക്യൂട്ടഡ് ആന്‍ഡ് ഫോര്‍ഗോട്ടന്‍?' എന്ന റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പാക്കിസ്ഥാനിലെ പീഡിത ക്രൈസ്തവര്‍ക്കായി വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് പീറ്റര്‍ ഭട്ടി കുറ്റപ്പെടുത്തി.
പാക്കിസ്ഥാനില്‍ മതസൗഹാര്‍ദ്ദം പുനഃസ്ഥാപിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടല്‍ നടത്തണം. യു.കെ, യു.എസ്, യൂറോപ്യന്‍ യൂണിയന്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ഒരു പൊതുനയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ മുന്പത്തേക്കാള് ദയനീയമാണെന്നും ഭീകരരെ ഭയന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും നിശബ്ദരാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതിനും വ്യാജ മതനിന്ദാ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയെന്ന ക്രൈസ്തവ വനിതയുടെ മോചനത്തിനായി വാദിച്ചതിനുമാണ് 2011-ല്‍ ഫെഡറല്‍ ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.