പീഡനങ്ങളും കൂട്ടക്കൊലകളും അര്‍മേനിയന്‍ ക്രൈസ്തവരെ തളര്‍ത്തിയിട്ടില്ല, ശക്തിപ്പെടുത്തി: അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് ബെദ്രോസ്
ബെയ്‌റൂട്ട്: നൂറ്റാണ്ടുകളായി നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളും കൂട്ടക്കൊലകളും അര്‍മേനിയന്‍ ക്രൈസ്തവരുടെ വിശ്വാസത്തെയും വ്യക്തിത്വത്തെയും തകര്‍ക്കുന്നതിന് പകരം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് അര്‍മേനിയന്‍ കത്തോലിക്ക സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് റാഫേല്‍ ബെദ്രോസ് ഇരുപത്തൊന്നാമന്‍ മിനാസിയാന്‍.
തങ്ങളുടെ ചരിത്രത്തിലെ കറുത്ത ഏടുകളായ അര്‍മേനിയന്‍ വംശഹത്യയും തുടര്‍ന്നുള്ള ദുരന്തങ്ങളും ഓര്‍മിപ്പിച്ച പാത്രിയര്‍ക്കീസ്, മിഡില്‍ ഈസ്റ്റിലും മറ്റ് പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ക്കിടയിലും തങ്ങളുടെ ധാര്‍മികവും ആത്മീയവുമായ മൂല്യങ്ങള്‍ കൈവിടാന്‍ തയാറല്ലെന്നും പറഞ്ഞു.
മിഡില്‍ ഈസ്റ്റ് - വടക്കേ ആഫ്രിക്ക മേഖലയിലെ വാര്‍ത്ത ഏജന്‍സിയായ 'എസിഐ മെന'യുമായി സഹകരിച്ച് 'ഇഡബ്ല്യുടിഎന്‍ ന്യൂസ്' നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
1915-ലെ അര്‍മേനിയന്‍ വംശഹത്യയ്ക്കുശേഷം ജനിച്ച ആദ്യ തലമുറയിലെ അംഗമെന്ന നിലയിലും, ആ ദുരന്തം മൂലം അനാഥനായ ഒരാളുടെ മകനെന്ന നിലയിലുമുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ ഒരു കാര്യം തന്നെ പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കടുത്ത വെല്ലുവിളികളും പീഡനങ്ങളും പ്രത്യാശ വര്‍ദ്ധിപ്പിക്കാനും, തങ്ങളുടെ വിളിയില്‍ ഉറച്ചുനില്‍ക്കാനും വിശ്വാസം കാത്തുസൂക്ഷിക്കാനും ക്രിസ്തീയ സ്വത്വത്തില്‍ അഭിമാനം കൊള്ളാനും ക്രിസ്ത്യാനികളെ ശക്തിപ്പെടുത്താനും സഹായിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
അര്‍മേനിയന്‍ മേഖലയിലും ലോകമെമ്പാടുമുള്ള ക്രൈസ്തവരെയും സഭാ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള സമ്മര്‍ദ്ധങ്ങളും ബാഹ്യ ശക്തികളുടെ സ്വാധീനവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു.
ദൈവത്തിന്റെ ദിവ്യപരിപാലനയില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുകയും അതില്‍ ആശ്രയിക്കുകയും ചെയ്യുന്നു. തങ്ങളുടെ മാതൃരാജ്യങ്ങളിലും ലോകമെമ്പാടുമുള്ള വിവിധ ഇടങ്ങളിലുമായി വസിക്കുന്ന അര്‍മേനിയന്‍ കത്തോലിക്കര്‍ കര്‍ത്താവിനും അവിടുത്തെ രക്ഷാകരപ്രവര്‍ത്തിക്കും സാക്ഷ്യം വഹിക്കുന്ന തങ്ങളുടെ ദൗത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ട് പോകണം.
പ്രവര്‍ത്തിയിലൂടെയാണ് ലോകത്തിന് വീണ്ടെടുപ്പും നിത്യജീവനും ലഭിക്കുന്നതെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു.