പേരൂര്‍ക്കട വ്യാജ മോഷണക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ബിന്ദു

തിരുവനന്തപുരം:പേരൂര്‍ക്കടയില്‍ വ്യാജ മാല മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ആര്‍. ബിന്ദു. കമ്മീഷന്‍ സിറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്‌പോണ്ടന്‍മാരായി തീരുമാനിച്ചു.
അതേസമയം, എംജിഎം പൊന്‍മുടി വാലി പബ്ലിക് സ്‌കൂളില്‍ ബിന്ദു ജോലിയില്‍ പ്രവേശിച്ചു.സ്‌കൂള്‍ മാനേജ്‌മെന്റ് ബിന്ദുവിന് ജോലി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വ്യാജ മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചിരുന്നത്. തന്നെ കുറ്റവാളിയാക്കിയത് സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ഉപജീവനമാര്‍ഗം നഷ്ടമായി മക്കളുടെ വിദ്യാഭ്യാസം തടസപ്പെട്ടു.
വ്യാജ കേസ് കുടുംബത്തെ വീണ്ടും ദരിദ്രരായി തുടരാനായി പ്രേരിപ്പിച്ചു. തങ്ങള്‍ക്ക് സമൂഹത്തില്‍ ജീവിക്കുന്നതിനായി ഒരു കോടി രൂപ മാനനഷ്ട്ടത്തുകയായി നല്‍കണമെന്നും കുടുംബത്തിന്റെ ആശ്രയമായ തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ബിന്ദു പരാതിയില്‍ പറയുന്നു.
പനയമുട്ടം സ്വദേശിയായ ബിന്ദു പേരൂര്‍ക്കടയില്‍ വീട്ടില്‍ ജോലിക്ക് നിന്ന് സമയത്താണ് ഉടമയായ ഓമന ഡാനിയലിന്റെ സ്വര്‍ണമാല മേഷണം പോയത്.ഓമനയുടെ പരാതിയെ തുടര്‍ന്ന് ബിന്ദുവിനെ സ്റ്റേഷനില്‍ എത്തിച്ച് പേരൂര്‍ക്കട പൊലീസ് ക്രൂരമായി പെരുമാറി.
ബിന്ദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.തുടര്‍ന്ന് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉള്ളത്.