കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

 
MVD

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ് ചെയ്തു. ട്രിപ്പ് മുടക്കിയ സംഭവത്തിലാണ് 'മലയില്‍' ബസിന്റെ പെര്‍മിറ്റ് 10 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 

കാക്കനാട്ടെ അപകടത്തിലും ബസിനെതിരെ നടപടി തുടങ്ങി. ഇന്‍ഫോപാര്‍ക്ക്  മട്ടാഞ്ചേരി റൂട്ടില്‍ ഓടുന്ന മലയില്‍ ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്.

അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര. 

രാവിലെ എട്ടുമണിയോടെ ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയില്‍ എത്തിയ 'മലയില്‍' എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ രക്ഷിക്കാനായില്ല.

ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവര്‍ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Tags

Share this story

From Around the Web