വീടുകളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് അനുമതി ആവശ്യമില്ല;  നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

 
Prayer

റായ്പുര്‍ (ഛത്തീസ്ഗഢ്): വീടുകളില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിന് അധികാരികളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് നിര്‍ണായക വിധിയുമായി ഛത്തീസ്ഗഡ് ഹൈക്കോടതി. സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിനെ തടയുന്ന ഒരു നിയമവും രാജ്യത്തില്ലെന്ന്  ഉത്തരവില്‍ കോടതി എടുത്തുപറയുന്നുണ്ട്.

ഛത്തീസ്ഗഡ് ഗവണ്‍മെന്റിന്റെ നിലപാട് തള്ളിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠം ഉത്തരവ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്.

വീടുകളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിലപാടായിരുന്നു ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ഹര്‍ജിക്കാര്‍ മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെന്നു ഛത്തീസ്ഗഡ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത്തരമൊരു അനുവാദത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥനാ യോഗം തടഞ്ഞുകൊണ്ട് ജാഞ്ച്ഗിര്‍ചന്പ ജില്ലയിലെ നവഗഡ് പോലീസ് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആ കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്.

വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിനെതിരേ മൂന്നു തവണയാണ് പോലീസ് ഹര്‍ജിക്കാരനു നോട്ടീസ് നല്‍കിയത്. മൂന്ന് നോട്ടീസും കോടതി റദ്ദാക്കി.

യോഗം നടത്തുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ വീട്ടുടമസ്ഥന് ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീടതു പിന്‍വലിച്ചിരുന്നു.

അത്തരമൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി എന്‍ഒസി പുനഃസ്ഥാ പിക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹര്‍ജിക്കാരുടെ പൗരാവകാശങ്ങളില്‍ ഇടപെടരുതെന്നും അന്വേഷണത്തിന്റെ മറവില്‍ അവരെ ഉപദ്രവിക്കരുതെന്നും പോലീസിന് കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web