വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്ക് വേണ്ടത് ശാശ്വത പരിഹാരം: ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കീസ്

 
jeruselem



ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ഭാവി സംരക്ഷിക്കാന്‍ അടിയന്തര ദുരിതാശ്വാസ സഹായങ്ങള്‍ മാത്രം മതിയാകില്ലെന്നും ശാശ്വതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉടനടി നടപ്പിലാക്കേണ്ടതുണ്ടെന്നും ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഓഗസ്റ്റ് 21-ന് പുറത്തിറക്കിയ 'പ്രതീക്ഷയ്ക്ക് പ്രവര്‍ത്തനം ആവശ്യമാണ്' (ഒീുല ഉലാമിറ െഅരശേീി) എന്ന ലേഖനത്തിലാണ് പാത്രിയാര്‍ക്കീസിന്റെ പ്രതികരണം. യുദ്ധവും രാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം കടുത്ത സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം കുറിച്ചു.

മേഖലയിലെ അതിര്‍ത്തി അടയ്ക്കലുകളും ടൂറിസം-തീര്‍ത്ഥാടന മേഖലയിലെ തിരിച്ചടിയും കാരണം വെസ്റ്റ് ബാങ്കിലെയും പരിസരങ്ങളിലെയും നിരവധി ക്രിസ്ത്യാനികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. തല്‍ക്കാലത്തേക്ക് നല്‍കുന്ന ഭക്ഷണവും സാമ്പത്തിക സഹായവും കൊണ്ട് മാത്രം ഇവരുടെ ഭാവി സുരക്ഷിതമാക്കാനാകില്ല. സ്ഥിരമായ വരുമാന മാര്‍ഗ്ഗങ്ങളുടെ അഭാവവും വദ്ധിച്ചുവരുന്ന സുരക്ഷാഭീതിയും ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുവിടാന്‍ നിര്‍ബന്ധിതരാക്കുന്നു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം തീര്‍ത്തും ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍, തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കിയാല്‍ മാത്രമേ പ്രാദേശിക സമൂഹത്തിന് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നിലനിര്‍ത്താനാകൂ. ലഭ്യമാകുന്ന ദുരിതാശ്വാസ ഫണ്ടുകള്‍ താല്‍ക്കാലിക ആശ്വാസത്തിന് ഉപകരിക്കുമെങ്കിലും, ജനങ്ങള്‍ക്ക് മാന്യമായി ജീവിക്കാനുള്ള തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണ്ടത്. വിശുദ്ധ നാട്ടിലുടനീളം, എല്ലാ തലങ്ങളിലും സഭയുടെ സാന്നിധ്യം നിലനിര്‍ത്താന്‍ തങ്ങളുടെ കഴിവിനൊത്തതെല്ലാം തുടര്‍ന്നും ചെയ്യുമെന്ന നിലപാട് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് ആവര്‍ത്തിച്ചു.

Tags

Share this story

From Around the Web