കത്തോലിക്കാ വിശ്വാസത്തോട് ആളുകള്‍ക്ക് താല്‍പര്യം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
കത്തോലിക്കാ വിശ്വാസത്തോട് ജനങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന താല്‍പര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. സത്യവും ജീവിതത്തിന്റെ അര്‍ഥവും ആത്മീയ ആഴവും തേടുന്ന യുവാക്കളാണ് ഇതില്‍ ഭൂരിഭാഗവും.
അമേരിക്കയിലെ 20 കത്തോലിക്കാ രൂപതകളിലായി ഒസിഐഎ പ്രോഗ്രാമില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം ആളുകളില്‍ നടത്തിയ പുതിയ ദേശീയപഠനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ഷിക്കാഗോ അതിരൂപതയും മറ്റ് 19 രൂപതകളും സംയുക്തമായി ജൂണ്‍ 18 നാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2026 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഒസിഐഎയില്‍ പങ്കെടുത്ത 2,127 പേരുടെ അനുഭവങ്ങളാണ് ഈ സര്‍വേയിലൂടെ വിലയിരുത്തിയത്.
മുതിര്‍ന്നവര്‍ക്കായുള്ള വിശ്വാസപരിശീലന പരിപാടികളില്‍ റെക്കോര്‍ഡ് പങ്കാളിത്തമാണ് ഈ രൂപതകളില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സഭയിലേക്ക് കടന്നുവരുന്നവരെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ആകര്‍ഷിക്കുന്നതെന്ന് പഠനം കണ്ടെത്തി; നന്മ, സത്യം, ആന്തരിക സമാധാനം, ജീവിതലക്ഷ്യം എന്നിവയ്ക്കായുള്ള വ്യക്തിപരമായ അന്വേഷണം. കൂടാതെ, കത്തോലിക്കാ സഭയുടെ ആരാധനാക്രമം, പഠനങ്ങള്‍, രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം എന്നിവയോടുള്ള ആഭിമുഖ്യം.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 28% പേര്‍ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുന്‍പ് യാതൊരുവിധ മതവിശ്വാസവും ഇല്ലാത്തവരായിരുന്നു. ബാക്കിയുള്ളവര്‍ പ്രൊട്ടസ്റ്റന്റ് സഭകളില്‍ നിന്നുള്ളവരോ, അല്ലെങ്കില്‍ മുന്‍പ് പൂര്‍ണ്ണമായി കൂദാശകള്‍ സ്വീകരിക്കാന്‍ സാധിക്കാതെപോയ കത്തോലിക്കരോ ആയിരുന്നു.
രാഷ്ട്രീയമോ, സാമൂഹികമോ ആയ കാരണങ്ങളേക്കാള്‍ ആത്മീയമായ പ്രചോദനങ്ങളാണ് ഇവരെ നയിച്ചതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
പങ്കെടുത്തവരില്‍ 77% പേര്‍ സല്‍ഗുണങ്ങളില്‍ വളരാനുള്ള ആഗ്രഹവും 76% പേര്‍ സത്യത്തെക്കുറിച്ചുള്ള ആഴമേറിയ ധാരണയും 72% പേര്‍ കൂടുതല്‍ ആന്തരിക സമാധാനത്തിനായുള്ള അന്വേഷണവുമാണ് തങ്ങളെ നയിച്ചതെന്ന് വ്യക്തമാക്കി.
ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തിന്റെ പങ്കും പഠനം എടുത്തുകാണിക്കുന്നു. പ്രാര്‍ഥനയ്ക്കായുള്ള ആപ്പുകള്‍ , പോഡ്കാസ്റ്റുകള്‍, വീഡിയോകള്‍, സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ എന്നിവ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ തങ്ങളെ സഹായിച്ചതായി പലരും സാക്ഷ്യപ്പെടുത്തി.