കത്തോലിക്കാ വിശ്വാസത്തോട് ആളുകൾക്ക് താൽപര്യം വർധിക്കുന്നതായി പഠന റിപ്പോർട്ട്

 
christian

കത്തോലിക്കാ വിശ്വാസത്തോട് ജനങ്ങൾക്കുള്ള വർധിച്ചുവരുന്ന താൽപര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. സത്യവും ജീവിതത്തിന്റെ അർഥവും ആത്മീയ ആഴവും തേടുന്ന യുവാക്കളാണ് ഇതിൽ ഭൂരിഭാഗവും. അമേരിക്കയിലെ 20 കത്തോലിക്കാ രൂപതകളിലായി ഒസിഐഎ (Order of Christian Initiation of Adults – മുതിർന്നവരുടെ കത്തോലിക്കാ വിശ്വാസ സ്വീകരണത്തിനായുള്ള ക്രമം) പ്രോഗ്രാമിൽ പങ്കെടുത്ത രണ്ടായിരത്തിലധികം ആളുകളിൽ നടത്തിയ പുതിയ ദേശീയപഠനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ഷിക്കാഗോ അതിരൂപതയും മറ്റ് 19 രൂപതകളും സംയുക്തമായി ജൂൺ 18 നാണ് ഈ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. 2026 ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഒസിഐഎയിൽ പങ്കെടുത്ത 2,127 പേരുടെ അനുഭവങ്ങളാണ് ഈ സർവേയിലൂടെ വിലയിരുത്തിയത്. മുതിർന്നവർക്കായുള്ള വിശ്വാസപരിശീലന പരിപാടികളിൽ റെക്കോർഡ് പങ്കാളിത്തമാണ് ഈ രൂപതകളിൽ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സഭയിലേക്ക് കടന്നുവരുന്നവരെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ആകർഷിക്കുന്നതെന്ന് പഠനം കണ്ടെത്തി; നന്മ, സത്യം, ആന്തരിക സമാധാനം, ജീവിതലക്ഷ്യം എന്നിവയ്ക്കായുള്ള വ്യക്തിപരമായ അന്വേഷണം. കൂടാതെ, കത്തോലിക്കാ സഭയുടെ ആരാധനാക്രമം, പഠനങ്ങൾ, രണ്ടായിരം വർഷത്തെ പാരമ്പര്യം എന്നിവയോടുള്ള ആഭിമുഖ്യം.

സർവേയിൽ പങ്കെടുത്തവരിൽ 28% പേർ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് യാതൊരുവിധ മതവിശ്വാസവും ഇല്ലാത്തവരായിരുന്നു. ബാക്കിയുള്ളവർ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നുള്ളവരോ, അല്ലെങ്കിൽ മുൻപ് പൂർണ്ണമായി കൂദാശകൾ സ്വീകരിക്കാൻ സാധിക്കാതെപോയ കത്തോലിക്കരോ ആയിരുന്നു.

രാഷ്ട്രീയമോ, സാമൂഹികമോ ആയ കാരണങ്ങളേക്കാൾ ആത്മീയമായ പ്രചോദനങ്ങളാണ് ഇവരെ നയിച്ചതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. പങ്കെടുത്തവരിൽ 77% പേർ സൽഗുണങ്ങളിൽ വളരാനുള്ള ആഗ്രഹവും 76% പേർ സത്യത്തെക്കുറിച്ചുള്ള ആഴമേറിയ ധാരണയും 72% പേർ കൂടുതൽ ആന്തരിക സമാധാനത്തിനായുള്ള അന്വേഷണവുമാണ് തങ്ങളെ നയിച്ചതെന്ന് വ്യക്തമാക്കി.

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തിന്റെ പങ്കും പഠനം എടുത്തുകാണിക്കുന്നു. പ്രാർഥനയ്ക്കായുള്ള ആപ്പുകൾ (Apps), പോഡ്‌കാസ്റ്റുകൾ, വീഡിയോകൾ, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ എന്നിവ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ തങ്ങളെ സഹായിച്ചതായി പലരും സാക്ഷ്യപ്പെടുത്തി.

Tags

Share this story

From Around the Web