സമാധാന കരാര്‍; സന്തോഷം പങ്കുവെച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ജെറുസലേം

ജെറുസലേം: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായ പശ്ചാത്തലത്തില്‍ പ്രതീക്ഷ പങ്കുവെച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം.
ഹമാസ് തടവിലുള്ള എല്ലാ ഇസ്രായേലി ബന്ദികളെയും വേഗത്തില്‍ മോചിപ്പിക്കാനും, ജയിലുകളില്‍ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കാനും, ഗാസയിലേക്ക് മാനുഷിക സഹായം നല്‍കാനും കരാര്‍ സഹായിക്കുമെന്ന് സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.
ബന്ദികളെ പരസ്പരം മോചിപ്പിക്കുവാനുള്ള ധാരണ ഉള്‍പ്പെടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ വ്യാഴാഴ്ച രാവിലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരിന്നു.
യുദ്ധം അവസാനിപ്പിക്കുകയും ഇരുവശത്തുനിന്നും തടവുകാരെയും തട്ടിക്കൊണ്ടുപോയവരെയും മോചിപ്പിക്കുകയും ചെയ്യുന്ന കരാറില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് കാരിത്താസ് ജെറുസലേമിന്റെ സെക്രട്ടറി ജനറല്‍ ആന്റണ്‍ അസ്ഫര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുന്ന ഗാസയിലെ ഞങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകരും രോഗികള്‍, ഇരകള്‍, ഗാസയിലെ പീഡിതര്‍ തുടങ്ങി എല്ലാവരും വാര്‍ത്തയില്‍ സന്തോഷഭരിതരാണ്.
അടുത്ത ഘട്ടത്തില്‍, വിശുദ്ധ നാട്ടിലെ പ്രത്യേകിച്ച് ഗാസയിലെ ജനങ്ങള്‍ക്കു പുതിയ ഒരു ജീവിതമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.
സഹായ വിതരണത്തിനായി എല്ലാ മാനുഷിക ഇടനാഴികളും തുറക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുകയാണെന്നും കാരിത്താസ് വ്യക്തമാക്കി.