ദക്ഷിണ സുഡാനിൽ സമാധാനം നിലനിൽക്കണം: ഈസ്റ്റർ സന്ദേശത്തിൽ സഭാനേതാക്കളുടെയും രാഷ്ട്രീയപ്രതിനിധികളുടെയും ആഹ്വാനം
ആഭ്യന്തരകലഹങ്ങൾ വിട്ടൊഴിയാത്ത ദക്ഷിണ സുഡാനിൽ സമാധാനം നിലനിൽക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്ത് സഭാനേതാക്കളും രാഷ്ട്രീയപ്രതിനിധികളും.
യേശുക്രിസ്തുവിന്റെ പുനരുത്ഥാനം രാജ്യത്തിന് പുതിയ പ്രത്യാശയും ഐക്യവും നൽകട്ടെയെന്നും അവർ ആശംസിച്ചു. വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കും സംഘർഷങ്ങൾക്കും അറുതിവരുത്തി രാജ്യം ഒരുമയോടെ മുന്നേറേണ്ട സമയമാണിതെന്ന് വിവിധ സഭകളിലെ ആർച്ച്ബിഷപ്പുമാരും രാഷ്ട്രീയനേതാക്കളും ഒരേ സ്വരത്തിൽ പറഞ്ഞു.
അതേസമയം, ദക്ഷിണ സുഡാൻ വീണ്ടും ഒരു സമ്പൂർണ്ണ ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്താൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഈ ആഹ്വാനം.
ജൂബയിലെ സെന്റ് തെരേസ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഓക്സിലറി ബിഷപ്പ് സാന്റോ ലോകോ പിയോ ഭരണനേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു.
“ക്രിസ്ത്യാനികൾ വെറുപ്പോ, അക്രമമോ പ്രവർത്തിക്കുന്നവരല്ല. മറ്റൊരാളെ കൊല്ലാൻ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ, നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാൽപ്പോലും
അത് നിരസിക്കുക. സമാധാനത്തിന്റെ വക്താക്കളായ സ്ത്രീകളും പുരുഷന്മാരുമാവുക” എന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.
“നല്ല നേതാക്കളാവുക – നല്ല ഗവർണർമാരും നല്ല കമ്മീഷണർമാരും നല്ല മന്ത്രിമാരും സമൂഹത്തിന്റെ നല്ല സേവകരുമാവുക. അക്രമങ്ങൾക്കും അപ്പുറത്തേക്ക് ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ശരിയായ കാര്യങ്ങൾ ചെയ്യാം.
അപ്പോൾ സമാധാനം പുലരുമെന്ന് ഞാൻ വിശ്വസിക്കുന്നു” – ബിഷപ്പ് സാന്റോ ലോകോ പിയോ കൂട്ടിച്ചേർത്തു.