പരസ്പരമുള്ള വെല്ലുവിളികളിൽ നിന്നും, മരണം വിതയ്ക്കുന്ന ആയുധങ്ങളിൽ നിന്നും സമാധാനം സ്ഥാപിക്കുക സാധ്യമല്ല: പാപ്പാ
നാടകീയമായ യുദ്ധ രംഗങ്ങളിലൂടെ കടന്നു പോകുന്ന മധ്യ പൂര്‍വേഷ്യ, ഇറാന്‍, പാക്കിസ്താന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പേരെടുത്തു പരാമര്‍ശിച്ചുകൊണ്ട്, സമാധാനത്തിനായി ലിയോ പാപ്പാ അഭ്യര്‍ത്ഥനകള്‍ നടത്തി.
മാര്‍ച്ചു മാസം ഒന്നാം തീയതി വത്തിക്കാന്‍ ചത്വരത്തില്‍, നയിച്ച മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷം നടത്തിയ അഭ്യര്‍ത്ഥനകളിലാണ് പാപ്പാ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനും, പ്രവര്‍ത്തിക്കുവാനും ഏവരെയും ആഹ്വാനം ചെയ്തത്.
വിനാശകരമായ ഒരു സാഹചര്യം ഒഴിവാക്കാന്‍ 'ഉത്തരവാദിത്തത്തോടെ' പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട കക്ഷികളെ ക്ഷണിച്ചുകൊണ്ട്, സംഭാഷണത്തിനും നയതന്ത്രത്തിനും ഇടം നല്‍കുന്നതിനായി ആയുധങ്ങള്‍, അക്രമം, ഭീഷണികള്‍ എന്നിവ ഉപേക്ഷിക്കുവാന്‍ പാപ്പാ ഏവരെയും ക്ഷണിച്ചു.
'പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നത്, മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണ്', പാപ്പാ പറഞ്ഞു.
നയതന്ത്രം അതിന്റെ പങ്ക് വീണ്ടെടുക്കുകയും നീതിയില്‍ അധിഷ്ഠിതമായി, സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്ന ജനങ്ങളുടെ നന്മ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.
വലിയ അനുപാതത്തിലുള്ള ഒരു ദുരന്തത്തിന്റെ സാധ്യത അഭിമുഖീകരിക്കുമ്പോള്‍, അത് പരിഹരിക്കാനാവാത്ത വിടവായി മാറുന്നതിനുമുമ്പ്, തടയാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍, ബന്ധപ്പെട്ട കക്ഷികളെ പാപ്പാ ആഹ്വാനം ചെയ്തു.
പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സമീപ ദിവസങ്ങളില്‍ ഉടലെടുത്ത യുദ്ധസാഹചര്യങ്ങളെ പരാമര്‍ശിച്ച, പാപ്പാ, സംഭാഷണത്തിലേക്കുള്ള ഒരു അടിയന്തര തിരിച്ചുവരവിനായി ഇരു രാജ്യങ്ങളെയും ക്ഷണിക്കുവെന്നും പറഞ്ഞു.