സമാധാനം യുദ്ധമില്ലായ്മ മാത്രമല്ല, നീതിപൂർവ്വകമായ പ്രവർത്തിയും നിരന്തരം നടപ്പിലാക്കേണ്ട ദൗത്യവും: കാർഡിനൽ കൂപ്പിച്ച്
സമാധാനം യുദ്ധമില്ലായ്മ മാത്രമല്ല, നീതിപൂർവ്വകമായ പ്രവർത്തിയും നിരന്തരം നടപ്പിലാക്കേണ്ട ദൗത്യവുമാണെന്നു കത്തോലിക്കാ തിയോളജിക്കൽ യൂണിയൻ നൽകുന്ന "സമാധാനസ്ഥാപകർ ഭാഗ്യവാന്മാർ" (Blessed are the Peacemakers) എന്ന പേരിലുള്ള അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ചിക്കാഗോയുടെ ആർച്ച്‌ബിഷപ്പായ കാർഡിനൽ ബ്ലേസ് ജെ. കൂപ്പിച്ച്. യുദ്ധത്തെ ന്യായീകരിക്കുന്ന ചർച്ചകളിൽ നിന്ന് മാറി സുവിശേഷത്തിന്റെ ആഹ്വാനത്തിലേക്ക് ശ്രദ്ധ തിരിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, സമാധാനം ഒരു ആശയമല്ല, മറിച്ച് അഭ്യാസത്തിലൂടെ വളർത്തേണ്ട ഒരു “കല” ആണെന്ന് വ്യക്തമാക്കി.
'യുദ്ധം ന്യായീകരിക്കാനാകുമോ’ എന്ന ചോദ്യത്തെക്കാൾ പ്രാധാന്യം അർഹിക്കുന്നത് 'യുദ്ധസാഹചര്യത്തിൽ സുവിശേഷം നമ്മിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്താണെന്നും, സമാധാനനിർമ്മാതാക്കളാകുകയെന്നാൽ യാഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് മനസ്സിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യേശുവിന്റെ അഷ്ടസൗഭാഗ്യങ്ങളിലെ “സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ” എന്ന പ്രസ്താവന ഇന്നും ലോകത്തിൽ പ്രസക്തമാണെന്നും മാർഗ്ഗനിർദ്ദേശം നല്കുന്നതുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലിയോ പാപ്പാ ഓശാന ഞായറാഴ്ച നടത്തിയ വാക്കുകൾ ആവർത്തിച്ചു കൊണ്ട്, യേശു “യുദ്ധം നടത്തുന്നവരുടെ പ്രാർത്ഥന കേൾക്കുന്നില്ലന്നും; അവയെ നിരസിക്കുന്നുവെന്നും ”‘ജസ്റ്റ് വാർ’ സിദ്ധാന്തത്തെക്കുറിച്ചുള്ള ചർച്ചകൾ അപകടകരമാണെന്നും, യുദ്ധത്തിന്റെ ന്യായീകരണത്തിനായുള്ള മാനദണ്ഡങ്ങൾ മാത്രം പരിശോധിക്കുന്നത്, ഒരു രീതിയിൽ നിലവിലുള്ള സംഘർഷത്തെ ശരിവെക്കാനുള്ള ശ്രമമായി മാറുന്നുണ്ടെന്നും, ഏപ്രിൽ 29 ബുധനാഴ്ച നടന്ന അവാർഡ് ദാനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ, അദ്ദേഹം പറഞ്ഞു. സമാധാനം യുദ്ധമില്ലായ്മ മാത്രമല്ല, നീതിയുടെ പ്രവർത്തിയാണെന്ന്, സഭാ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. സമാധാനം നിരന്തരം നിർമ്മിക്കപ്പെടേണ്ട ഒരു ദൗത്യമാണെന്നും, അത് സജീവമായ ഒരു ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് പാപ്പാ "ഗൗദേത്തേ എത് എക്സുൾത്തത്തെ" (Gaudete et Exsultate) എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ പ്രതിപാദിക്കുന്നതും, സമാധാനനിർമ്മാണത്തിന് ആവശ്യമായതുമായ ശാന്തത (Serenity), സൃഷ്ടിപരത (Creativity), സംവേദനശേഷി (Sensitivity), കഴിവ് (Skill) എന്നീ നാല് ഘടകങ്ങളെക്കുറിച്ചും കർദ്ദിനാൾ കൂപ്പിച്ച് തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. പ്രതികാരമില്ലാത്ത നിലപാട്, ശത്രുവിനെയും മനുഷ്യനായി കാണുന്ന മനോഭാവം, സഹിഷ്ണുതയോടെ സംഭാഷണം നടത്താനുള്ള കഴിവ് എന്നിവ സമാധാനത്തിനുവേണ്ടിയുള്ള പ്രക്രിയയിൽ നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അവസാനമായി, ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള അപ്പസ്തോലികയാത്രയുടെ അവസാനം, പത്രപ്രവർത്തകരോട് സംസാരിക്കവേ ലിയോ പാപ്പാ സൂചിപ്പിച്ചതുപോലെ ഒരു “സമാധാന സംസ്കാരം” രൂപപ്പെടുത്താൻ ലോകനേതാക്കൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു
ബൈബിളിൽ യേശു പഠിപ്പിക്കുന്ന അഷ്ടസൗഭാഗ്യങ്ങളിൽ ഒന്നായ “സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ” എന്ന തിരുവചനഭാഗത്തുനിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ബഹുമതി, ലോകത്ത് സമാധാനം, നീതി, മനുഷ്യാവകാശങ്ങൾ, മതസൗഹൃദം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾക്കുള്ള ആദരവായാണ് കത്തോലിക്കാ ദൈവശാസ്ത്രസംഘം നൽകുന്നത്.