വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് സമാധാനം പുനസ്ഥാപിക്കുവാന്‍ സാധിക്കുന്നത്: കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്

 
george koovakkad


വത്തിക്കാന്‍: ആന്തരിക പരിവര്‍ത്തനത്തിനു ഏവരെയും ക്ഷണിക്കുന്ന, ക്രൈസ്തവരുടെ നോമ്പുകാലവും, ഇസ്ലാം മത വിശ്വാസികളുടെ റമദാനും, ഒരേ സമയത്ത് ആചരിക്കുന്നതിലെ പ്രാധാന്യം, എടുത്തുകാണിച്ചുകൊണ്ട്, ഇത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്, മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാട് അടിവരയിട്ടു പറഞ്ഞു. 


'സ്ത്രീകള്‍, നേതൃത്വവും സംഭാഷണവും: അറിവ്, സംസ്‌കാരം, സമൂഹം എന്നിവയ്ക്കിടയിലെ പാലങ്ങള്‍' എന്ന ശീര്‍ഷകത്തില്‍, ആഗോള വനിതാദിനത്തോടനുബന്ധിച്ച്, അല്‍ബേനിയന്‍ എംബസി റോമില്‍ വച്ച് സംഘടിപ്പിച്ച സമ്മേളനത്തിലാണ് കര്‍ദിനാള്‍ ഒരിക്കല്‍ കൂടി സമാധാനത്തിനു ആഹ്വാനം നല്‍കിയതും, സമാധാന സംസ്ഥാപനത്തിനായി, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചതും.

നോമ്പുകാലത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും സാമൂഹികമാനവുമായി ബന്ധപ്പെട്ട്, നെറ്റിയില്‍ പൂശുന്ന ചാരത്തെ പരാമര്‍ശിച്ചുകൊണ്ട്, അതില്‍ സഹനത്തിലൂടെയും യുദ്ധങ്ങളിലൂടെയും കടന്നുപോകുന്ന ഒരു ലോകത്തിന്റെ പ്രാതിനിധ്യവും ഭാരവും കൂടിയുണ്ടെന്നുള്ള ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകളും കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു. 

എന്നാല്‍,  ചാരത്തില്‍ തുടരാനല്ല, അതില്‍നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കുവാനും,  പുനരുദ്ധരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നുള്ള ആഹ്വാനവും കര്‍ദിനാള്‍ കൂവക്കാട് ഓര്‍മ്മപ്പെടുത്തി.

'എഴുന്നേറ്റ്, പുനര്‍നിര്‍മ്മിക്കുക', എന്നതാണ് ഈ ആഹ്വാനം അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുനര്‍നിര്‍മ്മാണത്തില്‍ ഏറെ പ്രധാനപ്പെട്ടത്, പാലങ്ങള്‍ നിര്‍മ്മിക്കുക എന്നതാണെന്നും, നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ ഒരു സമാധാനമാണ് ഇന്നത്തെ ലോകത്തിനു ആവശ്യമായതെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. 

അപരനോട് ക്ഷമിക്കാനുള്ള കഴിവും, സമൂഹങ്ങള്‍ക്കുള്ളില്‍ അനുരഞ്ജനത്തിന്റെ പാതയും, വളര്‍ത്തിയെടുക്കണമെന്നും, നിര്‍മ്മിത ബുദ്ധിക്കു പകരം, കൂട്ടായ്മാബോധവും, സാമൂഹിക പ്രതിബദ്ധതയുമുള്ള മാനുഷിക ബുദ്ധിയാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

സമാധാനത്തിനുള്ള തയ്യാറെടുപ്പ്, വെല്ലുവിളികളെ അഭിമുഖീകരിക്കുവാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും, ഈ ഒരു പ്രക്രിയയില്‍, സ്ത്രീകളുടെ പങ്കിനെ ചരിത്രം എടുത്തു പറഞ്ഞിട്ടുണ്ടെന്നും അടിവരയിട്ട കര്‍ദിനാള്‍, നൊബേല്‍ സമ്മാന ജേതാക്കളായ നിരവധി വനിതകളുടെ ഉദാഹരണവും ചൂണ്ടിക്കാട്ടി.

മധ്യപൂര്‍വേഷ്യയിലും ഇപ്രകാരം സമാധാനത്തിനു വേണ്ടി നിലകൊള്ളുവാന്‍ വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന, പ്രത്യാശയുടെയും സംഭാഷണത്തിന്റെയും നേതാക്കളായ,  അറബ് ഇസ്രായേലി വനിതകള്‍ ഏവര്‍ക്കും മാതൃകയും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സങ്കീര്‍ണ്ണമായ സാമൂഹിക വെല്ലുവിളികള്‍, തകര്‍ന്ന ബന്ധങ്ങള്‍, സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധിയെ പരാമര്‍ശിച്ച അദ്ദേഹം, ഇവയ്ക്ക് പ്രതിവിധി കാണണമെങ്കില്‍, സ്ത്രീ പ്രതിഭകളുടെ പ്രത്യേക മൗലികത  തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും, മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

സമാധാനം, സാഹോദര്യം, ഐക്യദാര്‍ഢ്യം എന്നിവ കെട്ടിപ്പടുക്കുന്നതിന്, എല്ലാ സംസ്‌കാരത്തിലും, വിഭാഗങ്ങളിലും, വിശ്വാസത്തിലും, തലമുറയിലും പെട്ട  സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു നില്‍ക്കണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

അപ്രകാരം മാത്രമേ, മുന്‍വിധികളെ മറികടക്കാനും, ബഹുമാനം വളര്‍ത്താനും, നമുക്ക് ചുറ്റും പ്രത്യാശയുടെ വിത്തുകള്‍ വിതയ്ക്കാനും, കൂടുതല്‍ മാനുഷികവും സാഹോദര്യപരവുമായ ലോകത്തിനായി പ്രവര്‍ത്തിക്കാനും, നീതിയും സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതിന് സംഭാവന നല്‍കാനും, സാധിക്കുകയുള്ളൂവെന്നും കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്, ഉപസംഹാരമായി എടുത്തു പറഞ്ഞു. 

Tags

Share this story

From Around the Web