മ്യാന്മാറിന്റെ ഭാവിക്ക് സമാധാനവും വിദ്യാഭ്യാസവും അത്യന്താപേക്ഷിതം: മെത്രാന്‍സമിതി
മ്യാന്മാര്‍: മ്യാന്മാറിന്റെ ഭാവിയില്‍ സമാധാനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് രാജ്യത്തെ കത്തോലിക്കാസഭാനേതൃത്വം.
ജൂബിലി വര്‍ഷാവസാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മ്യാന്‍മറിലെ യാങ്കോണില്‍ ഒരുമിച്ച് കൂടിയ മെത്രാന്‍സമിതിയാണ് രാജ്യപുരോഗതിക്ക് സമാധാനം അത്യന്താപേക്ഷിതമാണെന്ന് ഓര്‍മ്മിപ്പിച്ചത്.
സമ്മേനത്തില്‍ മെത്രാന്‍സമിതി പ്രസിഡന്റും യാങ്കോണ്‍ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോയും, എല്ലാ മെത്രാന്മാരും രൂപതയിലെ മുഴുവന്‍ വൈദികരും സന്ന്യസ്തരും, വിവിധ രൂപതകളിലിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചു.
നാല് ദിവസങ്ങള്‍ നീണ്ട സമ്മേളനത്തില്‍, ലിയോ പതിനാലാമന്‍ പാപ്പാ 2026-ലെ ആഗോളസമാധാനദിനത്തിലേക്കായി നല്‍കിയ സന്ദേശം പ്രധാന ചിന്താവിഷയമായെന്ന് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഫീദെസ് ഏജന്‍സി അറിയിച്ചു.
ഡിസംബര്‍ 25-ന് നല്‍കിയ 'ഉര്‍ബി എത് ഓര്‍ബി' ആശീര്‍വാദവുമായി ബന്ധപ്പെട്ട് മ്യാന്മാറിനെ പരിശുദ്ധ പിതാവ് അനുസ്മരിച്ചതും രാജ്യത്തിനായി പ്രാര്‍ത്ഥിച്ചതും മെത്രാന്‍സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രത്യേകമായി അനുസ്മരിക്കപ്പെട്ടു.
സമാധാനത്തിനായുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനങ്ങള്‍ പരാമര്‍ശിച്ച മെത്രാന്‍സമിതിആ വാക്കുകള്‍ പ്രവര്‍ത്തികമാക്കപ്പെടേണ്ടവയാണെന്നും എല്ലാ സമൂഹങ്ങളും സമാധാനത്തി ന്റെ ഭവനങ്ങളായി മാറേണ്ടവയാണെന്നും ഓര്‍മ്മിപ്പിച്ചു.
മ്യാന്മറിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പരാമര്‍ശിച്ച മെത്രാന്‍സമിതി ഇത് വെറുമൊരു പ്രകൃതിദുരന്തം എന്നതിനപ്പുറം സഭയുടെ ശക്തിയും ശുശ്രൂഷാനിയോഗവും സേവനസന്നദ്ധതയും വ്യക്തമാക്കിയ ഒരു സംഭവം കൂടിയായിരുന്നുവെന്ന് വിലയിരുത്തി.
'പ്രത്യാശയുടെ പുതിയ മാര്‍ഗ്ഗരേഖകള്‍ വിഭാവനം ചെയ്യുക' എന്ന പരിശുദ്ധ പിതാവിന്റെ അപ്പസ്‌തോലിക ലേഖനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവും സുവിശേഷവത്കരണവും തമ്മിലുള്ള ബന്ധം വിചിന്തനം ചെയ്യപ്പെട്ടു.
മ്യാന്മാറിന്റെ ഭാവിയ്ക്കുവേണ്ടി, പുതുതലമുറകള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസശുശ്രൂഷയുടെ പ്രാധാന്യവും മെത്രാന്മാര്‍ എടുത്തുപറഞ്ഞു.
രാജ്യത്തെ സംഘര്‍ഷങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും പരാമര്‍ശിക്കപ്പെട്ടു.
മ്യാന്മറില്‍ ഡിസംബര്‍ 28-ന് ആരംഭിച്ച രാഷ്ട്രീയതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ജനുവരി 25-ന് അവസാനിക്കും.
ബിബിസിയുടെ അനുമാനങ്ങള്‍ പ്രകാരം, രാജ്യത്തിന്റെ 21 ശതമാനം ഭൂപ്രദേശം മിലിട്ടറിയാണ് നിയന്ത്രിക്കുന്നത്.
എന്നാല്‍ 42 ശതമാനം പ്രദേശങ്ങള്‍ പ്രതിരോധശക്തികളുടെയും വര്‍ഗ്ഗീയസേനകളുടെയും നിയന്ത്രണത്തിലാണ്.
ബാക്കി പ്രദേശങ്ങളുടെമേലുള്ള നിയന്ത്രണം തര്‍ക്കവിഷയമാണ്.