പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് മൂന്നാമന്‍ യൗനാന്‍ സീറോമലബാര്‍ സഭാ ആസ്ഥാനം സന്ദര്‍ശിച്ചു

 
kakkanadu



കാക്കനാട്: സിറിയന്‍ കത്തോലിക്കാ സഭയുടെ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമന്‍ യൗനാന്‍ സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദര്‍ശിച്ചു. സീറോമലബാര്‍ സഭയുടെ 34-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പാത്രിയര്‍ക്കീസിന്റെ സന്ദര്‍ശനം. സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും സീറോമലബാര്‍ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ പിതാക്കന്മാരും ചേര്‍ന്ന് പാത്രിയാര്‍ക്കീസിനെ സഭാ ആസ്ഥാനത്തു സ്വീകരിച്ചു.

തുടര്‍ന്ന് പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമന്‍ സിനഡ് പിതാക്കന്മാരെ അഭിസംബോധന ചെയ്തു. പൗരസ്ത്യ കത്തോലിക്കാ സഭകള്‍ തമ്മിലുള്ള കൂട്ടായ്മയും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങളും ആത്മീയ സമ്പത്തും വിശ്വാസസാക്ഷ്യവും ഇന്നത്തെ സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായി അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവച്ചു.

സീറോമലബാര്‍ സഭയും അന്തിയോഖ്യന്‍ സുറിയാനി കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങള്‍ കൂടുതല്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചൂണ്ടിക്കാട്ടുകയും പാത്രിയര്‍ക്കീസിന്റെ സന്ദര്‍ശനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web