പാത്രിയാര്‍ക്കീസ് ബാവായുടെ സന്ദര്‍ശനം ഓര്‍ത്തഡോക്‌സ് സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു;  സര്‍ക്കാര്‍ ഒത്താശ ചെയ്തു നല്‍കിയെന്ന് കാതോലിക്കാ ബാവാ
 

 
catholic bava

കോട്ടയം: പരിശുദ്ധ അന്ത്യോഖ്യൻ പാത്രിയാർക്കീസ് ബാവായുടെ സന്ദർശനം മലങ്കര സഭയെ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവമാണെന്നും, ഇതിന് ഒത്താശ ചെയ്തു നൽകിയത് സംസ്ഥാന സർക്കാരാണെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 

 മലങ്കര സഭയുടെ പള്ളികൾ സന്ദർശിക്കുവാൻ അധികാരമോ അവകാശമോ ഇല്ലാത്തയാൾ അപ്രകാരം പ്രവർത്തിക്കുന്നതിന് സർക്കാർ ഒത്താശ ചെയ്തു നൽകിയത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്.

 സഭയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അത് അന്ത്യഘട്ടത്തിലാണെന്നും കോടതിയിൽ തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. നിലവിൽ അത്തരത്തിലൊരു ചർച്ചയും ഒരിടത്തും നടക്കുന്നില്ല എന്ന സത്യം മറച്ചുവെക്കുകയാണ് ഉണ്ടായത്.

 മലങ്കര സഭ എന്നും സമാധാനത്തിനായാണ് നിലകൊള്ളുന്നത്. എന്നാൽ, ആ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

സഭയ്ക്ക് വലിയ രീതിയിലുള്ള മുറിവേറ്റിട്ടുണ്ടെങ്കിലും സമാധാനത്തിനായി സഭ എന്നും നിലകൊള്ളുമെന്ന് കാതോലിക്കാ ബാവാ വ്യക്തമാക്കി. സമാധാനം ആഗ്രഹിക്കാനും അതിനായി നിലകൊള്ളാനുമാണ് പൂർവ്വപിതാക്കന്മാർ പഠിപ്പിച്ചിട്ടുള്ളത്. പിതാക്കന്മാരുടെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, 'സത്യം ജയിക്കും, സത്യം ജയിക്കും, സത്യം ജയിക്കും' എന്ന് അദ്ദേഹം പറഞ്ഞു .

Tags

Share this story

From Around the Web