യുവതിയുടെ സൽവാർ അഴിക്കുന്നതും ശരീരത്തിൽ തൊടുന്നതും ബലാത്സംഗ ശ്രമമല്ലെന്ന പട്ന ഹൈക്കോടതി വിധിയിൽ കടുത്ത എതിർപ്പുമായി സുപ്രീം കോടതി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ഡല്‍ഹി: യുവതിയുടെ സല്‍വാര്‍ അഴിച്ചുമാറ്റുന്നതും നെഞ്ചില്‍ അമര്‍ത്തുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാകില്ലെന്ന പട്‌ന ഹൈക്കോടതി വിധിയില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി സുപ്രീയ കോടതി.
വിഷയത്തില്‍ സ്വമേധയാ കേസ്സെടുത്ത സുപ്രീം കോടതി, വിചാരണക്കോടതി ശിക്ഷിച്ച പ്രതിയെ കുറ്റവിമുക്തനാക്കിയ പട്‌ന ഹൈക്കോടതി വിധിക്കെതിരെ പ്രതി ഹിമാന്‍ഷു പഥക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പട്‌ന ഹൈക്കോടതി വിധിയില്‍ തികച്ചും അസ്വീകാര്യമായ പരാമര്‍ശങ്ങളുണ്ടെന്നും, പ്രതിയുടെ ഭാഗം കേട്ട ശേഷം മാത്രമേ വിധി റദ്ദാക്കാനാകൂ എന്നും വ്യക്തമാക്കിയ കോടതി, പ്രാദേശിക പോലീസ് വഴി പ്രതിക്ക് വേഗത്തില്‍ നോട്ടീസ് എത്തിക്കാന്‍ ബീഹാര്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജൂലൈ 9-ന് പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിചിത്രമായ വിധിയില്‍ പരമോന്നത കോടതി സ്വമേധയാ ഇടപെട്ടത്.
യുവതിയെ സ്റ്റുഡിയോയില്‍ പൂട്ടിയിട്ട് സല്‍വാര്‍ അഴിക്കാന്‍ ശ്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമാണെന്നും, ബലാത്സംഗ ശ്രമത്തിനുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പട്‌ന ഹൈക്കോടതി പ്രതിയെ വെറുതെവിട്ടത്.
സ്ത്രീ സുരക്ഷയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വിരുദ്ധമായ ഈ നിരീക്ഷണത്തെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.