രോഗികള്‍ക്ക് വര്‍ഷം 3,540 കോടിയുടെ ലാഭം; കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം നിലവില്‍ വന്നു

 
Tablets

കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി മരുന്നുകളുടെ വിലക്കുറവ് ഇന്ന് (നവംബര്‍ 9) മുതല്‍ പ്രാബല്യത്തില്‍ വന്നു. 

വ്യാപാരികള്‍ ഈടാക്കാവുന്ന ലാഭവിഹിതത്തിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 1,364 കാന്‍സര്‍ മരുന്നുകളുടെ പുതുക്കിയ വിലയാണ് നിലവില്‍ വന്നിരിക്കുന്നത്. 

ഈ വിലമാറ്റത്തിലൂടെ രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് പ്രതിവര്‍ഷം 3,540.38 കോടി രൂപ വരെ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയാണ് 137 കാന്‍സര്‍ മരുന്നുകളുടെ ലാഭവിഹിതത്തിന് പരിധി നിശ്ചയിച്ചത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നടപടി. 


നവംബര്‍ 8 വരെയുള്ള കണക്കുകള്‍ പ്രകാരം 85 ഔഷധ നിര്‍മാണ കമ്പനികള്‍ 121 മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇതില്‍ 679-ലധികം ബ്രാന്‍ഡഡ് മരുന്നുകളുടെ വിലയില്‍ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന വിലക്കുറവ് 96.45 ശതമാനമാണ്.


ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ ഉള്‍പ്പെടെ 20-ലധികം കാന്‍സര്‍ ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഈ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. 

ഡെനോസുമാബ്, പെഗ്ഫില്‍ഗ്രാസ്റ്റിം, ബെവാസിസുമാബ്, പെംബ്രോളിസുമാബ്, ദുര്‍വാലുമാബ്, ഒസിമെര്‍ട്ടിനിബ് തുടങ്ങിയ പ്രധാനപ്പെട്ട മരുന്നുകളെല്ലാം ഈ പട്ടികയിലുണ്ട്. 


പുതിയ വിലനിലവാരം പ്രാബല്യത്തില്‍ വന്നതോടെ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രി ഫാര്‍മസികള്‍ക്കും നിശ്ചയിച്ച തുകയിലും അധികം ഈടാക്കാന്‍ കഴിയില്ല. മരുന്നു പാക്കറ്റുകളിലെ പുതുക്കിയ വില പരിശോധിച്ച് ഉപഭോക്താക്കള്‍ക്ക് ഇത് ഉറപ്പാക്കാം.

Tags

Share this story

From Around the Web