ചരിത്രത്തിലെ മുറിവുകള്‍ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവും: യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍
കീവ്: യൂറോപ്പിന്റെ ചരിത്രത്തിലെ മുറിവുകള്‍ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവുമാണെന്ന് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്
രാജ്യത്തെ ലത്തീന്‍ സഭാസംവിധാനത്തിന്റെ പുനഃസംഘടനയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ യുക്രൈനില്‍ എത്തിയ അവസരത്തിലാണ് യുക്രൈന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തെ അനുസ്മരിച്ച ഷെവ്ചുക്ക്, ക്ഷമിക്കുകയും ക്ഷമ സ്വീകരിക്കുകയും ചെയ്യുന്നതാണ്, മനുഷ്യമനസ്സുകളിലെ യുദ്ധമുറിവുകള്‍ സുഖപ്പെടുത്താനുള്ള ഔഷധമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചിരുന്നുവെന്നത് പ്രത്യേകം എടുത്തുപറഞ്ഞു.
ക്ഷമയിലൂടെ മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയര്‍ത്താന്‍ സാധിക്കുമെന്ന് ഓര്‍മ്മിപ്പിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ്, യൂറോപ്യന്‍ ജനതയുടെ ചരിത്രമുറിവുകള്‍ സൗഖ്യപ്പെടുത്താനുള്ള മാര്‍ഗ്ഗം ക്ഷമയുടേതാണെന്ന് അഭിപ്രായപ്പെട്ടു.
ദീര്‍ഘനാളുകളായി യുക്രൈന്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളും ആക്രമണങ്ങളും മൂലം പ്രദേശത്തെ സാധാരണജനം ദുരിതമനുഭവിക്കുന്ന അവസ്ഥയില്‍ പാപ്പയുടെ പ്രതിനിധികള്‍ തങ്ങള്‍ക്കിടയിലേക്കു എത്തിയത് ആത്മീയ ആശ്വാസം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാപ്പയുടെ പ്രതിനിധികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നത് സാര്‍വ്വത്രിക സഭയോടും പരിശുദ്ധ പിതാവിനോടും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന അനുഭവമാണ് നല്‍കുന്നതെന്നും, സഭ യുക്രൈനിലെ ജനത്തെ ചേര്‍ത്തുപിടിക്കുന്നുവെന്ന ഉറപ്പാണ് ഇതിലൂടെ നല്‍കുന്നതെന്നുമാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ വിഷമകരമട സാഹചര്യത്തിലും കത്തോലിക്കരും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും പ്രൊട്ടസ്റ്റന്റുകാരും, യഹൂദരും ഇസ്ലാം മതവിശ്വാസികളുമുള്‍പ്പെടെ ഏവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ജീവന്‍ രക്ഷിക്കുന്നതില്‍ മതപരമായ അതിര്‍ത്തികള്‍ക്കപ്പുറമുള്ള സഹകരണം ഉണ്ടാകുന്നുണ്ടെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഉക്രൈനില്‍ അന്‍പത് ലക്ഷത്തോളം ആളുകള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവരില്‍ ഇരുപത് ലക്ഷം പേര്‍ക്ക് മാത്രമാണ് ആവശ്യമായ സഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.