പാസ്പോര്‍ട്ട് ഫീസിലും സേവന നിരക്കിലും വര്‍ധനവ്; പ്രവാസികള്‍ അറിയേണ്ട കാര്യങ്ങള്‍
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാർ പാസ്‌പോർട്ട് സേവന നിരക്കുകൾ പുതുക്കിയതിനെത്തുടർന്നാണ് ഈ മാറ്റം. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നുമുതൽ (നാളെ) പ്രാബല്യത്തിൽ വരും.
പാസ്‌പോർട്ട് പുതുക്കൽ, തത്കാൽ സേവനങ്ങൾ, അടിയന്തര യാത്രാ രേഖകൾ, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവയ്‌ക്കെല്ലാം പുതിയ നിരക്ക് ബാധകമായിരിക്കും. പാസ്‌പോർട്ട് ഫീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF), ഇന്ത്യൻ കമ്മ്യൂണിറ്റി അസിസ്റ്റൻസ് സെന്റർ (ICAC) സേവന ചാർജ് എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ തുക നിശ്ചയിച്ചിരിക്കുന്നത്.
പ്രധാന നിരക്കുകൾ (ഒമാനി റിയാലിൽ):
-
സാധാരണ പാസ്‌പോർട്ട് പുതുക്കൽ (36 പേജ്): 53.750 റിയാൽ.
-
ജംബോ പാസ്‌പോർട്ട് പുതുക്കൽ (60 പേജ്): 72.600 റിയാൽ.
-
നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ട് റീഇഷ്യൂ (36 പേജ്): 100.700 റിയാൽ.
-
നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ട് റീഇഷ്യൂ (60 പേജ്): 119.500 റിയാൽ.
തത്കാൽ സേവനങ്ങൾ:
-
പാസ്‌പോർട്ട് പുതുക്കൽ (36 പേജ്): 100.700 റിയാൽ.
-
ജംബോ പാസ്‌പോർട്ട് പുതുക്കൽ (60 പേജ്): 119.500 റിയാൽ.
-
നഷ്ടപ്പെട്ട/കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ട് (36 പേജ്): 147.650 റിയാൽ.
-
നഷ്ടപ്പെട്ട/കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ട് (60 പേജ്): 166.500 റിയാൽ.
മറ്റ് സേവനങ്ങൾ: എട്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് പുതിയ പാസ്‌പോർട്ടിന് 37.300 റിയാൽ നൽകണം (നേരത്തെ 25.800 റിയാൽ ആയിരുന്നു). എമർജൻസി സർട്ടിഫിക്കറ്റിന് 12.500 റിയാലും ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് 25.600 റിയാലും ആയിരിക്കും നിരക്ക്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് 21.800 റിയാൽ നൽകണം (നേരത്തെ ഇത് 16.300 റിയാൽ ആയിരുന്നു).
അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ഫോട്ടോകോപ്പി, കൊറിയർ വിതരണം തുടങ്ങിയ സേവനങ്ങൾ മുൻപുപോലെ ഐസിഎസി (ICAC) വഴി അധിക നിരക്കില്ലാതെ ലഭ്യമാകുമെന്ന് എംബസി വ്യക്തമാക്കി. പ്രവാസികൾ കൂടുതൽ വിവരങ്ങൾക്കായി എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.