തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി

 
tvm airport


തിരുവനന്തപുരം: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി വാഹനവുമായി അകത്ത് കയറുമ്പോള്‍ സമയം മാത്രമല്ല, പാര്‍ക്കിങ് നിരക്കും ശ്രദ്ധിക്കേണ്ടിവരും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. യാത്രക്കാരെ കയറ്റാനും ഇറക്കാനും എത്തുന്ന വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനത്താവളത്തിനുള്ളില്‍ ചെലവിടാനാകുന്ന സമയവും 10 മിനിറ്റില്‍ നിന്ന് 8 മിനിറ്റായി കുറച്ചു. ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

നേരത്തെ 10 മിനിറ്റ് വരെ ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും സൗജന്യമായി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ച് മടങ്ങാമായിരുന്നു. പുതിയ നിരക്കില്‍ 8 മിനിറ്റ് സൗജന്യം സ്വകാര്യ കാറുകള്‍ക്ക് മാത്രമാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് ആദ്യ അര മണിക്കൂറിന് 50 രൂപ നല്‍കണം. ഓട്ടോറിക്ഷകളുടെ അര മണിക്കൂര്‍ നിരക്ക് 20 രൂപയില്‍ നിന്ന് 50 രൂപയായും ഉയര്‍ത്തി. ടാക്‌സികള്‍ക്ക് യാത്രക്കാരെ ഇറക്കാനെത്തുമ്പോഴും കയറ്റാനെത്തുമ്പോഴും വ്യത്യസ്ത നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


യാത്രക്കാരെ ഇറക്കാനെത്തുന്ന ടാക്‌സികള്‍ക്ക് ആദ്യ 8 മിനിറ്റിന് 50 രൂപയാണ് ഈടാക്കുക. എന്നാല്‍ യാത്രക്കാരെ കയറ്റാനെത്തുന്ന ടാക്‌സികള്‍ക്ക് ആദ്യ 8 മിനിറ്റിന് തന്നെ 180 രൂപ നല്‍കണം. നേരത്തെ 10 മിനിറ്റ്, 2 മണിക്കൂര്‍, 12 മണിക്കൂര്‍, 24 മണിക്കൂര്‍ എന്നിങ്ങനെയായിരുന്നു പ്രധാന സമയക്രമങ്ങള്‍. ഇപ്പോള്‍ 8 മിനിറ്റ്, 30 മിനിറ്റ്, ഒരു മണിക്കൂര്‍, 2 മണിക്കൂര്‍, 3 മണിക്കൂര്‍, 4 മണിക്കൂര്‍, 24 മണിക്കൂര്‍ എന്നിങ്ങനെ കൂടുതല്‍ സമയപരിധികളിലായി നിരക്ക് ഈടാക്കാനാണ് തീരുമാനം.

പാര്‍ക്കിങ് നിരക്ക് വര്‍ധന വിമാനയാത്രക്കാരെ മാത്രമല്ല, വിമാനത്താവളത്തെ സ്ഥിരമായി ആശ്രയിക്കുന്നവരെയും ബാധിക്കും. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഉള്‍പ്പെടെ പുതുക്കിയ നിരക്ക് വലിയ അധിക ചെലവാകുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യേണ്ട വാഹനങ്ങള്‍ക്ക് പോലും ഇനി സമയക്രമം കൃത്യമായി പാലിക്കേണ്ട സാഹചര്യമാണുള്ളത്.

Tags

Share this story

From Around the Web