ഭക്ഷ്യസുരക്ഷയ്ക്കായി അടുക്കളത്തോട്ടം മത്സരവുമായി ഇടവക വാര്‍ഡ് 

 
FATHER THOMMAS THANNIMALAYAIL


കുറവിലങ്ങാട്: ഭക്ഷ്യസുരക്ഷയൊരുക്കാന്‍ കുടുംബങ്ങള്‍ക്കായി അടുക്കളത്തോട്ടം മത്സരം നടത്തി ഇടവക വാര്‍ഡ്. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ഇടവകയിലെ 27-ാം വാര്‍ഡാണ് വേറിട്ട മത്സരത്തിലൂടെ ശ്രദ്ധനേടുന്നത്. 


വാര്‍ഡിലെ നൂറ് കുടുംബങ്ങള്‍ക്കും പച്ചക്കറി തൈകളും വിത്തിനങ്ങളും സമ്മാനിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി മുഴുവന്‍ വീടുകള്‍ക്കും മുറ്റത്തൊരു വാഴ എന്ന പേരില്‍ വാഴത്തൈ വിതരണം ചെയ്തു. 


പയര്‍, വെണ്ട, ചീനി, വഴുതന, പയര്‍ എന്നിങ്ങനെ അഞ്ചിനം തൈകളാണ് വാര്‍ഡിലെ മൂന്ന് യൂണിറ്റുകള്‍ക്കായി നല്‍കിയത്. ചീര, പടവലം, ചീനി തുടങ്ങിയ ഇനങ്ങളുടെ വിത്തുകളും നല്‍കിയിട്ടുണ്ട്. ഈ തൈകളും വിത്തിനങ്ങളും പ്രയോജനപ്പെടുത്തി അടുക്കളത്തോട്ടം നിര്‍മ്മാണം ആരംഭിക്കാനാണ് നിര്‍ദ്ദേശം. 


വീടുകള്‍ സ്വന്തമായി തൈകള്‍ ഉല്പാദിപ്പിച്ചും വാങ്ങിയും കൃഷി ചെയ്യുന്നുണ്ട്. മികച്ച അടുക്കളത്തോട്ടത്തിന് നോഹ അവാര്‍ഡ് എന്ന പേരില്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയോഗപ്രതിനിധി ബെന്നി കോച്ചേരിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡുതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയ്ക്കൊപ്പം ചില യൂണിറ്റുകളും തൈകള്‍ നല്‍കുന്നുണ്ട്.  


ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ.  തോമസ് മേനാച്ചേരി, അസി.വികാരിയും സോണ്‍ ഡയറക്ടറുമായ ഫാ. തോമസ് താന്നിമലയില്‍ എന്നിവര്‍ തൈകളുടെ വിതരണം നിര്‍വഹിച്ചു. പള്ളിയോഗപ്രതിനിധി ബെന്നി കോച്ചേരി, യൂണിറ്റ് പ്രസിഡന്റുമാരായ പോള്‍സണ്‍ ചേലയ്ക്കാപ്പള്ളില്‍, ബിബിന്‍ തുരുത്തേല്‍, ജോസ് കുളങ്ങരതൊട്ടി, സെക്രട്ടറിമാരായ സുമി റോയി ഓലിക്കാട്ടില്‍, ആന്‍സി ബാബുഷ് ഒഴുക്കനാക്കുഴി, ലിജി ജയ്സണ്‍ മറ്റുപിള്ളില്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നു. 


ക്യാപ്ഷന്‍:കുറവിലങ്ങാട് തീര്‍ത്ഥാടന ഇടവകയിലെ 27-ാം വാര്‍ഡില്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷ പദ്ധതിയിലെ പച്ചക്കറി തൈകളുടെ വിതരണം അസി.വികാരി ഫാ. തോമസ് താന്നിമലയില്‍ നിര്‍വഹിക്കുന്നു.

Tags

Share this story

From Around the Web