നൈജീരിയയില്‍ ഇടവക വൈദികന്‍ വെടിയേറ്റു മരിച്ചു

നൈജീരിയ: നൈജീരിയയില്‍ മാത്യു ഇയ എന്ന ഇടവക വൈദികന്‍ വെടിയേറ്റു മരിച്ചു.
നൈജീരിയായുടെ തെക്കുകിഴക്കന്‍ സംസ്ഥാനമായ എനൊഗുവിലെ എന്‍സുക്ക രൂപതയില്‍പ്പെട്ട വിശുദ്ധ ചാള്‍സിന്റെ നാമധേയത്തിലുള്ള ഇടവകയുടെ വികാരിയായിരുന്ന അദ്ദേഹത്തിനു 35 വയസ്സായിരുന്നു പ്രായം.
സെപ്റ്റംബര്‍ 19-ന് വെള്ളിയാഴ്ച തന്റെ ഇടവകയിലേക്കു മടങ്ങുകയായിരുന്ന ഫാദര്‍ മാത്യുവിനെ സായുധരായഅക്രമികള്‍ കാത്തു നിന്ന് നിറയൊഴിക്കുകയായിരുന്നു. മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ ആദ്യം കാറിനെ മറികടന്ന് അദ്ദേഹത്തിന്റെ ചക്രത്തിനു വെടിവെച്ച് വാഹനം നിറുത്തിച്ച ശേഷം ഇറങ്ങിച്ചെന്ന് അദ്ദേഹത്തെ നിര്‍ദ്ദയം വെടിവെച്ചുകൊല്ലുകയായിരുന്നു.
വൈദികന്റെ ഘാതകരെക്കുറിച്ചു വിവരം നല്കുന്നവര്‍ക്ക് ഏകദേശം ആറുലക്ഷം രൂപയ്ക്ക് തുല്യമായ ഒരു തുക പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 38 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കത്തോലിക്കാവൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അല്മായ വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പതിവായിരിക്കയാണ്. 2000-മുതല്‍ ഇങ്ങോട്ട് ഏതാണ്ട് 62000 ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.
കഴിഞ്ഞവര്‍ഷം മാത്രം 3100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 2800-ലേറെപ്പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. ഫുലാനി ഗോത്രവര്‍ഗ്ഗക്കാരായ മുസ്ലീം ഭീകരാണ് ക്രിസ്തീയവിരുദ്ധാക്രമണങ്ങള്‍ക്കു പിന്നില്‍.