വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ വിവരങ്ങളും നിർബന്ധം; പുതിയ മാർ​ഗ നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

 
vote

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ വിവരങ്ങൾ കൂടി സമർപ്പിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ വോട്ടർമാർക്കും നിലവിലെ പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഈ നിയമം ബാധകമായിരിക്കും.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൂരിപ്പിക്കുന്ന 'ഫോം 6' ഇനി മുതൽ മാതാപിതാക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ഈ ഡിക്ലറേഷൻ പൂർത്തിയാക്കാതെ അപേക്ഷാ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങില്ല.

ഇരട്ട വോട്ടുകൾ ഒഴിവാക്കുക, താമസം മാറിയവരെ കണ്ടെത്തുക, വിദേശികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നിവയാണ് ഈ നടപടിയിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നത്. വോട്ടർമാരെ കൃത്യമായി മാപ്പിങ് ചെയ്യാൻ ഇത് സഹായിക്കുമെന്നും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മറ്റ് രേഖകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബിഹാറിൽ ഈ സംവിധാനം ഇതിനോടകം തന്നെ കമ്മീഷൻ നടപ്പിലാക്കി കഴിഞ്ഞു. ഇതിന്റെ വിജയകരമായ പ്രവർത്തനത്തിന് ശേഷമാണ് ദേശീയതലത്തിൽ ഇത് വ്യാപിപ്പിക്കുന്നത്.

‌ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി ഒഴിവാക്കുന്നു എന്നാരോപിച്ച് നേരത്തെ ഉയർന്നുവന്ന പരാതികൾ കമ്മീഷൻ തള്ളി. ഒരു തരത്തിലുള്ള പക്ഷപാതവും കാണിച്ചിട്ടില്ലെന്നും, പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് അത് ചോദ്യം ചെയ്യാൻ മതിയായ അവസരം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടികയുടെ സുതാര്യത ഉറപ്പാക്കാനാണ് പുതിയ നടപടികൾ എന്ന് അധികൃതർ കൂട്ടിച്ചേർത്തു

Tags

Share this story

From Around the Web