പരശുറാം എക്‌സ്പ്രസ് പുതിയ ലുക്കില്‍? സെപ്റ്റംബര്‍ 22 മുതല്‍ എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നു
യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യങ്ങള്‍ക്ക് വിരാമമിട്ട് ജനപ്രിയ ട്രെയിനായ പരശുറാം എക്‌സ്പ്രസ് എല്‍എച്ച്ബി (ലിങ്ക് ഹൊഫ്മാന്‍ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു.
മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) സെപ്റ്റംബര്‍ 22 മുതലും, തിരിച്ച് കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650) സെപ്റ്റംബര്‍ 23 മുതലുമാണ് അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കോച്ചുകളുമായി സര്‍വീസ് ആരംഭിക്കുന്നത്.
കൂടുതല്‍ സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനാണ് റെയില്‍വേയുടെ ഈ സുപ്രധാന നടപടി.
എല്‍എച്ച്ബി മാതൃകയിലേക്ക് മാറുന്നതോടെ ട്രെയിനിലെ കോച്ചുകളുടെ ഘടനയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ സംവിധാനപ്രകാരം രണ്ട് എസി ചെയര്‍കാറുകള്‍, ഒന്‍പത് സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍, ഒന്‍പത് ജനറല്‍ ക്ലാസ് കോച്ചുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാന്‍, ഒരു ജനറേറ്റര്‍ കാര്‍ എന്നിവയുള്‍പ്പെടെ ആകെ 22 കോച്ചുകളാകും ട്രെയിനിലുണ്ടാവുക.
പുതിയ കോച്ചുകള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സീറ്റുകളും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളും ലഭ്യമാകും.