പാൻട്രി, വൈഫൈ, ടോയ്ലറ്റ്... എല്ലാം റെഡി; വന്ദേഭാരതിനെ വെല്ലുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസുകൾ ഒരു വർഷമായി കട്ടപ്പുറത്ത്
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കെഎസ്ആർടിസി വാങ്ങിയ ബിസിനസ് ക്ലാസ് ബസുകൾ ഒരു വർഷമായിട്ടും നിരത്തിലിറങ്ങിയില്ല. വന്ദേഭാരത് ട്രെയിനിനെ വെല്ലുന്ന സൗകര്യങ്ങളും എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസും ഒക്കെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച വാഹനങ്ങളാണ് നിലവിൽ കട്ടപ്പുറത്തായിരിക്കുന്നത്. കോടികൾ മുടക്കി വാങ്ങിയ ബസുകൾ നികുതി സംബന്ധിച്ച തർക്കം മൂലം പാപ്പനംകോട്ടെ സെൻട്രൽ വർക്ക്ഷോപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരിക്കെയാണ് നാല് കോടി രൂപ ചെലവിട്ട് ബിസിനസ് ക്ലാസ് ബസുകൾ വാങ്ങിയത്. വന്ദേഭാരതിനെ വെല്ലുവിളിക്കുന്ന ആഡംബര സൗകര്യങ്ങൾ, യാത്രക്കാരുടെ സേവനത്തിന് എയർ ഹോസ്റ്റസ് മാതൃകയിലുള്ള സൗകര്യങ്ങൾ, ഭക്ഷണത്തിന് പാൻട്രി, വ്യക്തിഗത ടിവി, ടോയ്ലറ്റ്, വൈഫൈ, ആഡംബര സീറ്റുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഈ ബസുകളിലുള്ളത്.
രാവിലെ വന്ദേഭാരതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ നികുതി സംബന്ധിച്ച തർക്കങ്ങൾ കാരണം ബസുകളുടെ സർവീസ് പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി ബസുകൾക്ക് നികുതി ഇളവ് നൽകി ഗതാഗത വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഗതാഗത വകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ നടപടി. ആറ് വർഷത്തേക്കായിരുന്നു നികുതി ഇളവിന്റെ കാലാവധി. കഴിഞ്ഞ മാർച്ചിൽ ഈ കാലാവധി കഴിഞ്ഞപ്പോൾ ഇളവ് പുതുക്കാനുള്ള ഫയൽ ധനവകുപ്പിലെത്തി. എന്നാൽ തങ്ങളോട് ആലോചിക്കാതെയാണ് ഇളവ് നൽകിയതെന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് ഇതിൽ ഉടക്കു വെക്കുകയായിരുന്നു.
ഈ വകുപ്പുതല തർക്കമാണ് ബിസിനസ് ക്ലാസ് ബസുകളുടെ യാത്രയും അനിശ്ചിതത്വത്തിലാക്കിയത്. നിലവിൽ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഉള്ളത്. തർക്കങ്ങളെല്ലാം തീർത്ത് ഓണക്കാലത്തെങ്കിലും ബസുകൾ റോഡിലിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതരും യാത്രക്കാരും.