പാൻ കാർഡ് നിയമങ്ങൾ മാറുന്നു! പുതിയ ഫോമുകളും കർശന നിർദ്ദേശങ്ങളും പ്രാബല്യത്തിൽ; നിങ്ങൾ അറിയേണ്ടതെല്ലാം‌?

 
Panacrd

2026 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നടപടികളിലും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്തി. 
പുതിയ നിയമപ്രകാരം അപേക്ഷാ ഫോമുകൾ പരിഷ്കരിച്ചു.

 ഇന്ത്യൻ പൗരന്മാരും കമ്പനികളും ഇനിമുതൽ പഴയ ഫോം 49A-യ്ക്ക് പകരം ഫോം 93 ആണ് ഉപയോഗിക്കേണ്ടത്. പ്രവാസികൾക്കും വിദേശ സ്ഥാപനങ്ങൾക്കുമായി ഫോം 49AA-യ്ക്ക് പകരം ഫോം 95 ഏർപ്പെടുത്തി. 

ഐഡന്റിറ്റി പരിശോധന കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

രേഖകളുടെ കാര്യത്തിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇനി മുതൽ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് മാത്രം മതിയാകില്ല. 

ആധാറിനൊപ്പം ജനനത്തീയതി തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും സമർപ്പിക്കണം.

 കൂടാതെ, പാൻ അപേക്ഷയിലെ പേരും ജനനത്തീയതിയും ആധാർ രേഖകളിലുള്ളതുമായി കൃത്യമായി പൊരുത്തപ്പെടണമെന്നും നിർദ്ദേശമുണ്ട്.

ബാങ്ക് ഇടപാടുകളിലും പാൻ കാർഡ് നിബന്ധനകളിൽ ഇളവുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
 നിലവിൽ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പ്രതിദിനം 50,000 രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കാൻ പാൻ വേണമെന്നായിരുന്നു നിയമം.

 എന്നാൽ പുതിയ പരിഷ്കാരമനുസരിച്ച് പ്രതിദിന പരിധിക്ക് പകരം വാർഷിക പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 
ഒരു സാമ്പത്തിക വർഷം ആകെ നിക്ഷേപം 10 ലക്ഷം രൂപ കടന്നാൽ മാത്രമേ പാൻ വിശദാംശങ്ങൾ നിർബന്ധമാകൂ. ഇത് വ്യക്തിയുടെ എല്ലാ അക്കൗണ്ടുകൾക്കും ബാധകമാണ്.

വാഹന വിൽപന, ഹോട്ടൽ ബില്ലുകൾ തുടങ്ങിയ മേഖലകളിൽ പാൻ പരിധി ഉയർത്തിയത് സാധാരണക്കാർക്ക് ആശ്വാസമാകും. 

അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയുള്ള മോട്ടോർ വാഹനങ്ങൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഇനി പാൻ കാർഡ് ആവശ്യമില്ല. ഹോട്ടൽ, റെസ്റ്റോറന്റ് ബില്ലുകളുടെ പാൻ പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി.

 അതുപോലെ, വസ്തു ഇടപാടുകൾക്ക് പാൻ നിർബന്ധമാകുന്ന പരിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്.

ഇൻഷുറൻസ് മേഖലയിലും പാൻ നിബന്ധനകൾ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. 

ഉയർന്ന തുകയുടെ പ്രീമിയം അടയ്ക്കുന്നതിനൊപ്പം ഇൻഷുറൻസ് കമ്പനികളുമായുള്ള മറ്റ് പ്രധാന അക്കൗണ്ട് ഇടപാടുകൾക്കും പാൻ നിർബന്ധമായേക്കും. 

സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും നികുതി വെട്ടിപ്പ് തടയാനുമാണ് ആദായനികുതി വകുപ്പ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളായ NSDL അല്ലെങ്കിൽ UTIITSL വഴി പുതിയ ഫോമുകളിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Tags

Share this story

From Around the Web