പാലിയേക്കര ടോൾ നിരക്ക് കൂട്ടി. സെപ്റ്റംബർ 10 മുതൽ അഞ്ച് മുതൽ 10 രൂപ വരെ കൂടുതൽ നൽകണം

തൃശൂർ: പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടാൻ കരാർ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നൽകി എൻഎച്ച്എഐ ഒരു വശത്തേക്ക് അഞ്ച് മുതൽ 10 രൂപ വരെ കൂടുതൽ നൽകേണ്ടി വരും.
സെപ്റ്റംബർ 10 മുതലാണ് നിരക്ക് വർധന നിലവിൽ വരുന്നത്. ദേശീയ പാതയിലെ ഗതാഗത കുരുക്കിനെ തുടർന്ന് ഹൈക്കോടതി സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് നിർത്തി വച്ചിരിക്കുകയാണ്.
ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 95 രൂപയാണ് ഇനി നൽകേണ്ടത്. മുമ്പ് ഇത് 90 രൂപയായിരുന്നു. ഇവർക്ക് ഒന്നിൽ കൂടുതൽ യാത്രക്ക് 140 രൂപ എന്ന നിരക്കിൽ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപയിൽ നിന്ന് 165 രൂപ നൽകേണ്ടി വരും. ഇവയുടെ ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 240ന് പകരം 245 രൂപ നൽകേണ്ടി വരും.
ബസ്, ട്രക്ക് എന്നിവക്ക് 320ൽ നിന്ന് 330 ആയി വർധിപ്പിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ ഒരു ദിവസം യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 485ൽ നിന്ന് 495 ആകും.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 രൂപ എന്നത് 530 ആകും. ഒന്നിൽ കൂടുതൽ യാത്രക്ക് ഒരു ദിവസം നൽകേണ്ടത് 775 ൽ നിന്ന് 795 രൂപയാകും.
മണ്ണൂത്തി ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ദേശീയ പാത അതോറിറ്റി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞത്.
കരാർ ലംഘനമുൾപ്പെടെ ചൂണ്ടിക്കാട്ടി പാലിയേക്കര ടോളിനെതിരെ ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.