പലസ്തീനിലെ ക്രൈസ്തവ സമൂഹങ്ങൾ ഭീതിയിൽ; പ്രാർഥനാ സഹായം അഭ്യർഥിച്ച് വെസ്റ്റ് ബാങ്കിലെ വൈദികൻ

 
3333

അധിനിവേശ വെസ്റ്റ് ബാങ്കിലെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ സബാബ്ദെയിൽ (Zababdeh) ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും നടത്തുന്ന അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രാദേശിക സഭാനേതൃത്വം. തങ്ങളുടെ അതിജീവനത്തിനായി ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാർഥനയും പിന്തുണയും തേടിക്കൊണ്ട് മെൽക്കൈറ്റ് കത്തോലിക്കാ ഇടവക വികാരിയായ ഫാ. ഫിറാസ് ഖൗരിയാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ സൈനികർ സബാബ്ദെയിലെ നിരവധി വീടുകളിൽ അതിക്രമിച്ച് കയറി പരിശോധന നടത്തിയതായി ഫാ. ഖൗരി വ്യക്തമാക്കുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെ സൈന്യം കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. ചില വീടുകളിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

ജൂലൈ ആദ്യവാരം മുതൽ സബാബ്ദെ നഗരത്തിന് തൊട്ടടുത്തായി അനധികൃത ഇസ്രായേൽ കുടിയേറ്റ കേന്ദ്രം നിർമ്മിക്കപ്പെട്ടതോടെയാണ് പ്രദേശത്ത് കടുത്ത പ്രതിസന്ധി ആരംഭിച്ചത്. നഗരത്തിന് ചുറ്റുമുള്ള വലിയൊരു ശതമാനം കാർഷിക ഭൂമിയും ഇതിനോടകം പിടിച്ചെടുക്കപ്പെട്ടു കഴിഞ്ഞു. മുൻപ് പത്ത് മിനിറ്റോളം യാത്രാദൂരമുള്ള പ്രദേശങ്ങളിലായിരുന്നു സൈനിക ക്യാമ്പുകളെങ്കിൽ, ഇപ്പോൾ നഗരത്തിന്റെ അതിർത്തിയോട് ചേർന്നുതന്നെ പുതിയ അധിനിവേശ കേന്ദ്രം ഉയർന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

“നമ്മുടെ വിശ്വാസം പിറവിയെടുത്ത ഈ മണ്ണിൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവനുള്ള സാക്ഷികളായി നിലകൊള്ളുക എന്ന വലിയൊരു ദൗത്യമാണ് ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. വേദനാജനകമായ ഈ സാഹചര്യത്തിലും ഞങ്ങൾ പ്രത്യാശ കൈവിടുന്നില്ല,” ഫാ. ഖൗരി കൂട്ടിച്ചേർത്തു. സബാബ്ദെയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഈ ദുരവസ്ഥ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കണമെന്നും അവർക്കായി പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

തികച്ചും സമാധാനപരമായി ക്രൈസ്തവരും മുസ്‌ലിങ്ങളും ഒന്നിച്ച് ജീവിച്ചിരുന്ന സബാബ്ദെ നഗരത്തിൽ, ബാഹ്യമായ അധിനിവേശങ്ങൾ സമാധാനാന്തരീക്ഷം തകർക്കുമോ എന്ന ഭീതിയിലാണ് നിലവിൽ അവിടത്തെ ജനങ്ങൾ.

Tags

Share this story

From Around the Web