പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം : 'മരണപ്പെട്ട റാം നാരായണ്‍ ബഗേലിന്റെ കുടുംബത്തിന് എല്ലാ തരത്തിലുള്ള പരിരക്ഷയും ഒരുക്കും'; മന്ത്രി കെ രാജന്‍

 
ram narayan


പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരണപ്പെട്ട റാം നാരായണ്‍ ബഗേലിന്റെ കുടുംബാംഗങ്ങളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായി റവന്യൂ,ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി. 

മലയാളക്കരയ്ക്കു തന്നെ വളരെ അപമാനകരമാകുന്ന സംഭവമാണ് ഉണ്ടായതെന്നും റാം നാരായണ്‍ ബഗേലിന്റെ മരണം അത്യന്തം ഗൗരവത്തോട് കൂടി തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

ഈ വിഷയത്തില്‍ കേസിന്റെ കാര്യവും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. തെഹ്സില്‍ പൂനെവാലെ കേസുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ഗൈഡ്ലൈനുകളും അനുസരിച്ച് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിശ്ചയിച്ചിട്ടുണ്ട്.

 ഇതിനകം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും മനസ്സിലാക്കുന്നു. വംശീയ ആക്ഷേപം ഉണ്ടായിട്ടുള്ള ഒരു വിഷയമാണോ എന്നത് ആധികാരികമായി സ്ഥിരീകരിക്കേണ്ടത് എസ് ഐ ടി യും ബന്ധപ്പെട്ടവരുമാണ്. എസ് ഐ ടി വളരെ കൃത്യമായ അന്വേഷണം നടത്തും. 

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെയും വെറുതെ വിടില്ല. പഴുതടച്ച അന്വേഷണം നടത്തുമെന്നതില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള ഒരു പിന്നോട്ട് പോക്കുമില്ലെന്നും മന്ത്രി പറഞ്ഞു.


എസ്സി / എസ്ടി വിഭാഗത്തിന് നേരെയുള്ള ആക്രമണം ഉള്‍പ്പെടെ സെക്ഷന്‍ 103(2) യില്‍ പെടുത്തി കൈകാര്യം ചെയ്യുന്നതടക്കം 2023 ലെ സുപ്രീം കോടതി വിധിന്യായ പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ച് പോരുന്നതെന്നും സര്‍ക്കാര്‍ ഗൗരവമായി ഈ പ്രശ്നം എടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അക്കാര്യത്തില്‍ തുടര്‍ച്ചയായ അന്വേഷണം വേണമെന്നുളള അവരുടെ അഭിപ്രായം ഗൗരവമായി കണക്കിലെടുക്കുന്നതായും മന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web