പാലക്കാട് ചുട്ടുപൊള്ളുന്നു; പകൽ സമയത്തെ ചൂട് 40°C കടന്നു, വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നു. സംസ്ഥാനത്തെ ഏറ്റവും ചൂട് പാലക്കാടാണ്പ കൽ സമയത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. മലമ്പുഴ ഡാം പരിസരത്താണ് കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ചൂട് കൂടിയതോടെ മലമ്പുഴയിലെ വിനോദ സഞ്ചാരകളുടെ വരവും കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് അനുഭവപ്പെട്ടത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാണ്. തുടർ ദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അസഹനീയമായ ചൂടാണ് പകൽ സമയങ്ങളിലും അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ ചെറു കുളങ്ങളിൽ വളർത്തുന്ന മത്സ്യങ്ങൾ ചന്തു പൊങ്ങി.
മറുവക്കാട് സുമതി മുരളീധരൻ്റെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. മെയ് മാസത്തിൽ വിളവെടുക്കാൻ തയ്യാറായ കട്ല, റോഹു, തിലോപ്പിയ, മൃഗാല എന്നീ മത്സ്യങ്ങൾ ചത്തതോടെ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുമതി മുരളീധരൻ പറഞ്ഞു. സമാനമായ മറ്റിടങ്ങളിലും കനത്ത ചൂട് മത്സ്യകൃഷിയെ ബാധിച്ച സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് പ്രതിരോധ മാർഗങ്ങളെരുക്കാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ വേനൽമഴ പെയ്യാത്തതും ചൂടിന്‍റെ കാഠിന്യം വർധിപ്പിക്കുന്നുണ്ട്. വേനൽ മഴ ലഭിക്കാത്തതിനാൽ പാലക്കാട്ടെ വിവിധ പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ വെള്ളം താഴ്‌ന്നു. അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ് വെള്ളം. വേനൽമഴ ഇനിയും ലഭിച്ചില്ലെങ്കിൽ വെള്ളം താഴ്‌ന്നേക്കും.
മലമ്പുഴ, പോത്തുണ്ടി എന്നീ ഡാമുകളിൽനിന്ന് കുടിവെള്ള ആവശ്യത്തിനായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. റിസർവോയർ ഭാഗങ്ങളിൽ നിലംകണ്ടു. കാട്ടിൽ നിന്നുള്ള നീരുറവകളും നിലച്ച അവസ്ഥയിലാണ്. മലമ്പുഴയിൽ ചൂട് കൂടിയതോടെ വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പകൽ 11 മുതൽ മൂന്നുവരെ ചൂട് നേരിട്ട് ഏൽക്കരുത്. സൂര്യാഘാത മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും അധികൃകർ അറിയിച്ചു.