പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
വാളയാര്‍ അട്ടപ്പള്ളത്താണ് ആള്‍ക്കൂട്ട മര്‍ദനമേറ്റ് അതിഥിതൊഴിലാളി മരിച്ചത്. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാള്‍ നേരിട്ടത് എന്നാണ് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ബയ്യയെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ ഭയ്യാ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
മൂന്ന് വര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങള്‍ രാംനാരായണനു ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്.
തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികള്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാം നാരായണനെ തടഞ്ഞുവെച്ചു. കള്ളന്‍ എന്ന് ആരോപിച്ചു വിചാരണ ചെയ്തു.
അവശനിലയില്‍ ആയ രാമനാരായണനെ പൊലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കണ്ടപ്പോള്‍ കള്ളന്‍ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാല്‍, രാംനാരായണന്‍ കള്ളന്‍ ആണെന്ന ആരോപണം കുടുംബം പൂര്‍ണമായും നിഷേധിച്ചു.