നിർബന്ധിത മതപരിവർത്തനവും ശൈശവ വിവാഹവും: വിവാദ വിധി പുനഃപരിശോധിക്കാൻ പാക്കിസ്ഥാൻ ഭരണഘടനാ കോടതി

 
333

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വിവാഹം കഴിച്ച കേസിൽ, മുൻവിധി പുനഃപരിശോധിക്കാൻ രാജ്യത്തെ ഫെഡറൽ ഭരണഘടനാ കോടതി തീരുമാനിച്ചു. 13 വയസ്സുകാരിയായ മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയ അക്രമിക്കൊപ്പം വിട്ടയച്ച കോടതിയുടെ വിവാദ ഉത്തരവാണ് ഇപ്പോൾ പുനഃപരിശോധിക്കുന്നത്. ഈ കേസിൽ കോടതിയുടെ ആദ്യ വാദം കേൾക്കൽ ജൂലൈ 24-ന് നടക്കും.

കഴിഞ്ഞ വർഷം ജൂലൈയിലാണ് 30-കാരനായ ഷെഹ്രിയാർ അഹമ്മദ് എന്നയാൾ ലാഹോറിൽ നിന്ന് മരിയയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. തങ്ങളെ വിട്ടുപിരിഞ്ഞ മകളെ തിരികെ ലഭിക്കുന്നതിനായി മാതാപിതാക്കൾ നിയമപോരാട്ടം നടത്തിയെങ്കിലും, ഈ വർഷം മാർച്ചിൽ കേസ് പരിഗണിച്ച ഫെഡറൽ ഭരണഘടനാ കോടതി പെൺകുട്ടിയുടെ കസ്റ്റഡി ഭർത്താവായ അക്രമിക്ക് തന്നെ നൽകുകയായിരുന്നു.

പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിക്കാൻ വിസമ്മതിച്ച കോടതി, പെൺകുട്ടിയെക്കണ്ട് പ്രായപൂർത്തിയായതായി അനുമാനിച്ചാണ് അന്ന് വിധി പ്രസ്താവിച്ചത്. വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടും കോടതി അത് വകവെച്ചിരുന്നില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സമ്മതത്തിന് നിയമപരമായ സാധുതയില്ലെന്ന പാക്കിസ്ഥാനിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു കോടതിയുടെ ഈ നടപടി.

ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിക്കാൻ അക്രമികൾക്ക് ധൈര്യം നൽകുന്നതാണ് ഈ വിധിയെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലെ ക്രൈസ്തവ സംഘടനകളും ആഗോള മനുഷ്യാവകാശ ഗ്രൂപ്പായ അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡവും (ADF) രംഗത്തെത്തിയിരുന്നു. തുടർന്ന്, ജൂലൈ ഒമ്പതിന് യൂറോപ്യൻ പാർലമെന്റ് ഈ കേസ് പ്രത്യേകം പരാമർശിച്ച് പാക്കിസ്ഥാനെതിരെ ഒരു പ്രമേയം പാസാക്കി. മരിയ ഷഹബാസിന് നീതി ഉറപ്പാക്കണമെന്നും, മതന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാർ തയ്യാറാകാത്തപക്ഷം രാജ്യാന്തര വ്യാപാര ആനുകൂല്യങ്ങൾ റദ്ദാക്കുമെന്നും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി. ഈ ആഗോള സമ്മർദ്ദത്തിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിക്കാൻ പാക്കിസ്ഥാൻ പരമോന്നത കോടതി തയ്യാറായത്.

Tags

Share this story

From Around the Web