ഇന്ത്യയെ ലക്ഷ്യമിട്ട പാകിസ്ഥാന് കിട്ടിയത് എട്ടിന്റെ പണി. 4.10 ബില്യൺ രൂപയുടെ നഷ്ടം

 
INDIA PAK

ഇന്ത്യയിലേക്കുള്ള വ്യോമാതിർത്തി അടച്ചിട്ടതുമൂലം പാകിസ്ഥാൻ നേരിട്ടത് 4.10 ബില്യൺ രൂപയുടെ നഷ്ടം. 2025 ഏപ്രിൽ 24 മുതൽ ജൂൺ 20 വരെയാണ് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് (PAA) ഈ വൻ വരുമാന നഷ്ടം നേരിട്ടത്. ഈ കാലയളവിൽ പ്രതിദിനം 100-150 ഇന്ത്യൻ വിമാന സർവീസുകളാണ് തടസ്സപ്പെട്ടതെന്നും, ഇത് മൊത്തം വ്യോമഗതാഗതത്തിൽ 20 ശതമാനം കുറവുണ്ടാക്കിയെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച കണക്കുകൾ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ വരുമാനക്കുറവ് ഓവർഫ്ലൈയിംഗ് ചാർജുകളുമായി ബന്ധപ്പെട്ടതാണെന്നും നേരത്തെ റിപ്പോർട്ട് ചെയ്ത 8.5 ബില്യൺ രൂപയേക്കാൾ കുറവാണെന്നും ഫെഡറൽ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിനുള്ള പ്രതികാരമായാണ് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി വിലക്ക് പാകിസ്ഥാൻ 2025 ഓഗസ്റ്റ് 24 വരെ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഇതിന് മറുപടിയായി ഇന്ത്യയും പാകിസ്ഥാൻ വിമാനങ്ങൾക്ക് ആഭ്യന്തര വ്യോമാതിർത്തിയിലെ പ്രവേശനം ഓഗസ്റ്റ് 23 വരെ വിലക്കിയതായി കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ അറിയിച്ചു. തന്ത്രപരമായ കാരണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും കണക്കിലെടുത്താണ് ഈ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറിൻ്റെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ, സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവെക്കുക, വ്യാപാരം പൂർണ്ണമായി നിരോധിക്കുക, നയതന്ത്ര ബന്ധങ്ങൾ തരംതാഴ്ത്തുക തുടങ്ങിയ നിരവധി ശിക്ഷാ നടപടികൾ ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചിരുന്നു. ഇതിനുള്ള പാകിസ്ഥാന്റെ തിരിച്ചടിയാണ് വ്യോമാതിർത്തി അടച്ചുകൊണ്ടുള്ള നീക്കം. എന്നാൽ, ഈ നീക്കം പാകിസ്ഥാന് തന്നെ കോടികളുടെ നഷ്ടമുണ്ടാക്കിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags

Share this story

From Around the Web