കടുത്ത സാമ്പത്തിക പ്രതിസന്ധി, അമേരിക്കയോട് 1,000 കോടി ഡോളറിന്റെ ധനസഹായം തേടി പാകിസ്ഥാൻ

 
23333

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് കരുത്തേകുന്നതിനായി അമേരിക്കയോട് 1,000 കോടി ഡോളറിന്റെ (10 ബില്യൺ യുഎസ് ഡോളർ) അടിയന്തര എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ സഹായം ആവശ്യപ്പെട്ടു. ഇറാൻ യുദ്ധത്തിൽ മധ്യസ്ഥത വഹിച്ചതിലൂടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ ഈ നിർണായക നീക്കം നടത്തിയിരിക്കുന്നത്.

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന് അയച്ച അപേക്ഷയിൽ, അഞ്ച് വർഷത്തെ കാലാവധിയുള്ള ഉഭയകക്ഷി ധനസഹായ പദ്ധതിയാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ തുക ലഭിക്കുകയാണെങ്കിൽ പാകിസ്ഥാൻ രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ ശേഖരം ഉയർത്താനും, അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള വായ്പകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്നാണ് പാക് സർക്കാരിന്റെ വിലയിരുത്തൽ. നിലവിൽ 700 കോടി ഡോളറിന്റെ ഐഎംഎഫ് പദ്ധതിയുടെ ഭാഗമായി കടുത്ത നികുതി വർദ്ധനവും സാമ്പത്തിക നിയന്ത്രണങ്ങളുമാണ് രാജ്യത്ത് നിലവിലുള്ളത്.

നേരത്തെ ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വായ്പകളെയുമാണ് വിദേശനാണ്യ ശേഖരത്തിനായി പാകിസ്ഥാൻ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ യുഎസുമായി സാമ്പത്തിക ബന്ധം ശക്തമാക്കി നിക്ഷേപങ്ങളും സഹായവും ഉറപ്പാക്കാനാണ് പാകിസ്ഥാന്റെ പുതിയ തീരുമാനം. 

ഇതിന്റെ ഭാഗമായി ട്രംപ് കുടുംബത്തിന്റെ പ്രധാന ക്രിപ്റ്റോ ബിസിനസായ 'വേൾഡ് ലിബർട്ടി ഫിനാൻഷ്യലുമായി' സഹകരിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി കരാർ ഒപ്പിടുകയും, ന്യൂയോർക്കിലെ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (PIA) ഉടമസ്ഥതയിലുള്ള റോസ്‌വെൽറ്റ് ഹോട്ടൽ പുനർവികസിപ്പിക്കുന്നതിന് അമേരിക്കയുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web