വ്യാജ മതനിന്ദാ കേസ്: ക്രൈസ്തവന് വധശിക്ഷ വിധിച്ച് പാക്ക് കോടതി,കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്

 
Cross

വത്തിക്കാന്‍: പാക്കിസ്ഥാനില്‍ മതനിന്ദാ കേസില്‍ അറസ്റ്റിലായ ക്രൈസ്തവ സഹോദരങ്ങളില്‍ ഒരാളുടെ വധശിക്ഷ ശരി വച്ച് ഉന്നത കോടതി. ഇതോടെ ഒരേ തെളിവുകള്‍ ഇരുവരുടെയും കാര്യത്തില്‍ എങ്ങനെയാണ് വ്യത്യസ്തമായി മാറിയതെന്ന ആരോപണം ഉയരുകയും കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.

ജസ്റ്റിസ് മുഹമ്മദ് ഹാഷിം ഖാന്‍ കാക്കറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് ഒക്ടോബര്‍ ഏഴിന് 49-കാരനായ കൈസര്‍ അയ്യൂബിന്റെ ഹര്‍ജി തള്ളിയത്. ഇന്റര്‍നെറ്റില്‍ ദൈവദൂഷണപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് അദ്ദേഹത്തിന് നല്‍കിയ വധശിക്ഷ കോടതി ശരിവച്ചെങ്കിലും, തെളിവുകളുടെ അഭാവത്തില്‍ 46-കാരനായ സഹോദരന്‍ അമൂണ്‍ അയ്യൂബിനെ വെറുതെ വിട്ടു. ലാഹോര്‍ സ്വദേശികളായ ഈ സഹോദരന്മാര്‍ക്കെതിരെയുള്ള കേസ് 2011 ല്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.

കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ കൈസര്‍, 2009-ല്‍ തന്നെ തന്റെ വെബ്സൈറ്റ് അടച്ചുപൂട്ടിയെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ പരിചയക്കാരനായ ഷെഹരിയാര്‍ ഗില്‍ എന്ന മുസ്ലീം വ്യക്തി, കോപ്പിറൈറ്റ് വിവരങ്ങളില്‍ കൈസറിന്റെ പേര് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ വെബ്സൈറ്റ് വീണ്ടും ആരംഭിക്കുകയായിരുന്നു. ദൈവനിന്ദാ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്, സഹോദരന്മാര്‍ പാക്കിസ്ഥാന്‍ വിട്ട് സിംഗപ്പൂരിലേക്കും പിന്നീട് തായ്ലന്‍ഡിലേക്കും കടന്നു. 2014-ല്‍ ലാഹോറില്‍ തിരിച്ചെത്തിയപ്പോഴാണ് കൈസര്‍ അറസ്റ്റിലായത്. അമൂന്‍ 2015-ലും അറസ്റ്റിലായി. 2018-ല്‍ വിചാരണക്കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. 2022-ല്‍ ലാഹോര്‍ ഹൈക്കോടതിയുടെ റാവല്‍പിണ്ടി ബെഞ്ച് ഈ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

''അമൂന്റെ വിടുതലിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരേ കേസില്‍ ഒരു സഹോദരനെതിരെയുള്ള തെളിവുകള്‍ അപര്യപ്തമാണെങ്കില്‍, അതേ തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റേയാളെ എങ്ങനെ തൂക്കിലേറ്റാന്‍ കഴിയും?'' എന്ന് ഈ കേസില്‍ സഹോദരങ്ങളെ സഹായിച്ച സംഘടനയായ 'സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ് സംഘടനയുടെ ഡയറക്ടര്‍ നാസിര്‍ സയീദ് ചോദിക്കുന്നു.

പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകളെ ആശ്രയിച്ചാണ് ശിക്ഷാവിധി നിലനില്‍ക്കുന്നത് എന്നും, ഇതിന് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 

Tags

Share this story

From Around the Web