പൈക്ക അഴിമതി: അന്വേഷണ ചുമതല എന്‍. പ്രശാന്തിന്; രേഖകള്‍ കൈമാറാന്‍ കായിക മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കേന്ദ്ര കായിക വികസന പദ്ധതിയായ പൈക്കയിലെ അഴിമതി കേസ് എൻ. പ്രശാന്ത് അന്വേഷിക്കും. രേഖകള്‍ സ്പെഷ്യല്‍ സെക്രട്ടറിക്ക് കൈമാറാന്‍ കായിക മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.
2008ലാണ് ഗ്രാമീണ മേഖലയിലെ കായിക ഉന്നമനത്തിനായി കേന്ദ്ര സർക്കാർ പ്രധാനമന്ത്രി യുവ ക്രീഡ ഓർ ഖേൽ അഭിയാൻ (പൈക്ക) പദ്ധതി ആരംഭിച്ചത്. ഓരോ സംസ്ഥാനങ്ങളിലെയും സംസ്ഥാന സ്പോർട്സ് കൗൺസിലാണ് നോഡൽ ഏജൻസിയായി പ്രവർത്തിക്കേണ്ടത്. ഇത്തരത്തിൽ കേരളത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലായിരുന്നു നോഡൽ ഏജൻസിയായി പ്രവർത്തിച്ചത്. നോഡൽ ഓഫീസറായി നിലവിൽ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന എം.ആർ. രഞ്ജിത്തിനെ ആയിരുന്നു തീരുമാനിച്ചിരുന്നത്. ഇത്തരത്തിൽ കേരളത്തിന് പൈക്ക പദ്ധതി വഴി 36.37 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ വഴി പദ്ധതി നടപ്പിലാക്കാൻ വിനിയോഗിച്ചത് 23.88 കോടിയാണ്. 2014 ആകുമ്പോഴേക്കും ഈ പദ്ധതി സർക്കാർ അവസാനിപ്പിച്ചു. തുടർന്ന് ബാക്കിയുള്ള പണം കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിലേക്ക് അടയ്ക്കാൻ നിർദേശിച്ചെങ്കിലും 11.91 കോടി രൂപ സ്പോർട്സ് കൗൺസിൽ തിരിച്ചടച്ചിട്ടില്ല. ഇതിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾക്ക് മറുപടിയായി സ്പോർട്സ് കൗൺസിൽ തന്നത് 11.91 കോടി രൂപ എവിടെയാണെന്ന് അറിയില്ല എന്നായിരുന്നു.
ഇതേ തുടർന്ന് എം.ആർ. രഞ്ജിത്തിനെ സ്പോർട്സ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും 2016ൽ ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് വീണ്ടും സ്പോർട്സ് കൗൺസിലിലേക്ക് എത്തി. തുടർന്ന് പൈക്ക അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതികൾ സ്പോർട്സ് കൗൺസിലിലേക്കും കായിക മന്ത്രിയുടെ ഓഫീസിലേക്കും എത്തിയെങ്കിലും ഫയലുകൾ പൂഴ്ത്തി വെക്കുന്ന രീതിയാണുണ്ടായത്. ഇതിന് ശേഷമാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ വരുമ്പോൾ അന്വേഷണം പ്രഖ്യാപിക്കുന്നത്.